റഷ്യയ്ക്ക് സൈനികസഹായം നൽകിയെന്ന് ആരോപണം; ഇന്ത്യൻ കമ്പനികൾക്ക് ഉപരോധവുമായി അമേരിക്ക
റഷ്യയ്ക്ക് സൈനിക സഹായം നൽകിയെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾക്കും 275 വ്യക്തികൾക്കും ഉപരോധവുമായി അമേരിക്ക. ഇന്ത്യയ്ക്ക് പുറമെ ചൈന, സ്വിറ്റ്സർലൻഡ്, തായ്ലൻഡ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യു.എസ്. ഉപരോധം ഏർപ്പെടുത്തി.
രണ്ട് വർഷത്തിലേറെയായി റഷ്യ അയൽരാജ്യമായ യുക്രൈനുമായി യുദ്ധത്തിലാണ്. അതിനാൽ തന്നെ സൈനികമേഖലയിലെ അത്യാധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും റഷ്യയ്ക്ക് ആവശ്യമാണ്. ഇവ നൽകിയതിനാണ് ഇത്രയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ഉപരോധമേർപ്പെടുത്തിയതെന്ന് യു.എസ്. ട്രഷറി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.
'യുക്രൈനെതിരെ റഷ്യ നടത്തുന്നത് നിയമവിരുദ്ധവും അധാർമ്മികവുമായ യുദ്ധമാണ്. ഈ യുദ്ധത്തിൽ റഷ്യയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യകളും ഉപകരണങ്ങളും നൽകുന്നവർക്കെതിരെ ലോകവ്യാപകമായി ഞങ്ങളും ഞങ്ങളുടെ സഖ്യകക്ഷികളും നടപടിയെടുക്കുന്നത് തുടരും.' -യു.എസ്. പ്രസ്താവനയിൽ അറിയിച്ചു.
അഭാർ ടെക്നോളജീസ് ആൻഡ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെൻവാസ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, എംസിസ് ടെക്, ഗ്യാലക്സി ബെയറിങ്സ് ലിമിറ്റഡ്, ഓർബിറ്റ് ഫിൻട്രേഡ് എൽ.എൽ.പി, ഇന്നോവിയോ വെഞ്ച്വേഴ്സ്, കെ.ഡി.ജി. എഞ്ചിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ്, ഖുശ്ബു ഹോനിങ് പ്രൈവറ്റ് ലിമിറ്റഡ്, ലോകേഷ് മെഷീൻസ് ലിമിറ്റഡ്, പോയിന്റർ ഇലക്ട്രോണിക്സ്, ആർ.ആർ.ജി. എഞ്ചിനീയറിങ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഷാർപ്പ്ലൈൻ ഓട്ടോമേഷൻ പ്രൈവറ്റ് ലിമിറ്റഡ്, ശൗര്യ എയ്റോനോട്ടിക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഷ്രീഗീ ഇംപെക്സ് പ്രൈവറ്റ് ലിമിറ്റഡ്, ശ്രേയ ലൈഫ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ ഇന്ത്യൻ കമ്പനികൾക്കാണ് യു.എസ്. ഉപരോധം ഏർപ്പെടുത്തിയത്.