ബിഹാറിൽ വീണ്ടും പാലം തകർന്നു. ഗംഗാനദിക്ക് കുറുകെ നിർമാണത്തിലിരുന്ന സുൽത്താൻഗഞ്ജ്-അഗുവാനി പാലത്തിന്റെ ഭാഗമാണ് തകർന്നത്. നിർമ്മാണം തുടങ്ങി ഒമ്പത് വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് പാലം തകരുന്നത്. 3.16 കിലോമീറ്റർ നീളമുള്ള പാലം 1710 കോടി രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ആർക്കും പരിക്കില്ല എന്നാണ് വിവരം.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് പാലം തകർന്നത്. എസ്.കെ. സിംഗ്ല കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് പാലം നിർമ്മാണ കരാറെടുത്തത്. പാലം തകർന്നതുമായി ബന്ധപ്പെട്ട് കമ്പനിയുടെ ഭാഗത്തുനിന്ന് ഒരു വിശദീകരണവും വന്നിട്ടില്ല. പാലം തകരുന്നതിന്റെ ദൃശ്യം സമീപത്തുള്ളവർ പകർത്തിയത് പുറത്തുവന്നിട്ടുണ്ട്.
ഭഗൽപുർ ജില്ലയിലെ സുൽത്താൻഗഞ്ജിനേയും ഖഗരിയ ജില്ലയിലെ അഗുനി ഘട്ടിനേയും ബന്ധിപ്പിക്കുന്ന ഈ പാലം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സ്വപ്നപദ്ധതിയാണ്. പാലത്തിന്റെ ഒമ്പത്, പത്ത് തൂണുകൾക്കിടയിലുള്ള ഭാഗമാണ് തകർന്നുവീണത്. നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ കഴിഞ്ഞ ഒരുമാസമായി നിർമ്മാണപ്രവൃത്തികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. നേരത്തേ ജൂൺ നാലിനാണ് ഇതിന് മുമ്പ് പാലം തകർന്നത്. നിലവാരമില്ലാത്ത നിർമ്മാണമാണ് നടക്കുന്നതെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു. 10, 12 തൂണുകൾക്കിടയിലെ ഭാഗമാണ് അന്ന് തകർന്നത്. അതിന് മുമ്പ് 2022 ജൂൺ 30-നാണ് പാലം തകർന്നത്. അഞ്ച്, ആറ് തൂണുകൾക്കിടയിലുള്ള ഭാഗമാണ് അന്ന് തകർന്ന് ഗംഗയിലേക്ക് വീണത്.