'വിവാഹ സമ്മാനങ്ങളുടെ ലിസ്റ്റ് വധുവും വരനും സൂക്ഷിക്കണം, ഭാവിയിൽ ആവശ്യം വരും' ; അലഹബാദ് ഹൈക്കോടതി

Update: 2024-05-16 09:47 GMT

വിവാഹസമയത്ത് തങ്ങൾക്ക് ലഭിച്ച സമ്മാനങ്ങൾ വധൂവരന്മാർ ലിസ്റ്റ് ആക്കി സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹശേഷം സ്ത്രീധനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാൻ നടപടി സഹായിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് ഡി.ചൗഹാന്റേതാണ് ഉത്തരവ്.

വിവാഹത്തിന് നടത്തിയ കൊടുക്കൽ വാങ്ങലുകളെ ചൊല്ലി ഭാവിയിൽ തർക്കമുണ്ടാകാതിരിക്കാൻ വിവാഹസമ്മാനങ്ങളുടെ ലിസ്റ്റ് ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നാണ് കോടതി പറയുന്നത്. ഇത്തരം തർക്കങ്ങൾ സാധാരണഗതിയിൽ കോടതിയിൽ കലാശിക്കാറാണ് പതിവെന്നും പ്രശ്‌നം എളുപ്പത്തിൽ പരിഹരിക്കാൻ ലിസ്റ്റ് സഹായിക്കുമെന്നും കോടതി കൂട്ടിച്ചേർക്കുന്നു. സ്ത്രീധന നിരോധന നിയമം ചൂണ്ടിക്കാട്ടിയാണ് അധികം പേരും കോടതിയിൽ എത്താറുള്ളതെന്നും എന്നാൽ ഇതേ നിയമത്തിൽ, വിവാഹസമ്മാനങ്ങൾ സ്ത്രീധനത്തിൽ ഉൾപ്പെടുത്താതിരിക്കുന്നതിന് സാധുത നൽകുന്ന സെക്ഷൻ 3ലെ ക്ലോഷർ 2 പാലിക്കപ്പെടണമെന്നുമാണ് കോടതി ഉത്തരവ്.

1961ലെ സ്ത്രീധന നിരോധന നിയമപ്രകാരം സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ ശിക്ഷാർമാണ്. 5 വർഷം വരെ തടവോ 15000 രൂപ പിഴയോ ഈ കുറ്റത്തിന് ലഭിച്ചേക്കാം.

എന്നാൽ ഇതേ നിയമത്തിലെ തന്നെ സെക്ഷൻ 3ലെ ക്ലോഷർ 2 പ്രകാരം വിവാഹസമയത്ത് വധൂവരന്മാർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിൽ പെടുത്തില്ല. പക്ഷേ ഇത് വിവാഹസമ്മാനങ്ങളായി തന്നെ ലിസ്റ്റ് ചെയ്യുകയും ഈ ലിസ്റ്റ് സൂക്ഷിക്കുകയും വേണം. പെൺകുട്ടിക്ക് സ്വന്തം താല്പര്യാർഥം നൽകുന്ന സമ്മാനമാണിതെന്ന് അത് നൽകുന്നയാൾ എഴുതി ഒപ്പിടണമെന്നും വധുവും വരനും രേഖയിൽ ഒപ്പു വയ്ക്കണമെന്നുമാണ് നിയമം.

ഇന്ത്യൻ വിവാഹങ്ങളിൽ ഉപഹാരങ്ങൾ അത്യന്താപേക്ഷിതമാണെന്നും അതിനാൽ തന്നെ നിയമത്തിൽ ഇത്തരമൊരു വിട്ടുവീഴ്ച ആവശ്യമാണെന്നുമാണ് അലഹബാദ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

Tags:    

Similar News