ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നിന്ന് ഇന്ത്യൻ സൈനികരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ടെറിറ്റോറിയൽ ആർമിയിലെ രണ്ട് സൈനികരെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അനന്ത്നാഗിലെ വനമേഖലയിലാണ് സംഭവം. തട്ടിക്കൊണ്ടുപോയ രണ്ട് സൈനികരിൽ ഒരാൾ തന്ത്രപൂർവം രക്ഷപ്പെട്ടു. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞതിന് പിന്നാലെ സുരക്ഷാസേന സൈനികനായി തിരിച്ചിൽ തുടങ്ങി.
അതേസമയം, സെപ്റ്റംബർ 28ന് ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഹെഡ് കോൺസ്റ്റബ്ളായ പൊലീസുകാരൻ വീരമൃത്യു വരിച്ചിരുന്നു. ഹെഡ് കോൺസ്റ്റബ്ൾ ബഷീർ അഹമ്മദ് ആണ് വീരമൃത്യു വരിച്ചത്. ഒരു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബിലാവർ തഹസിലിലെ കോഗ്-മണ്ഡ്‍ലി ഗ്രാമം വളഞ്ഞ സുരക്ഷ സേനക്കു നേരെ ഭീകരർ വെടിവെപ്പ് നടത്തുകയായിരുന്നു. ഭീകരർ വെടിവെച്ചതിന് പിന്നാലെ സേന ശക്തമായി തിരിച്ചടിച്ചു. ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ മൂന്നു സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു. അഡിഗം ദേവ്സർ ഏരിയയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് സുരക്ഷാസേനക്ക് രഹസ്യ വിവരം ലഭിച്ചത്. കരസേനയുടെ ചിനാർ കോർപ്സും ജമ്മു കശ്മീർ പൊലീസുമാണ് സംയുക്ത ഓപറേഷൻ നടത്തിയത്.