കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ; അഘോരി സന്യാസിയെ പിഴചുമത്തി പോലീസ് വിട്ടയച്ചു
കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് പറഞ്ഞു.
തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികൾ നിരത്തിവെച്ച കാർ പരിഭ്രാന്തി പരത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തിൽ ദുർമന്ത്രവാദികൾ എത്തിയിരിക്കുന്നെന്ന് വാർത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്.
ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചലക്ഷേത്രത്തിൽ ദർശനത്തിനു വന്നതാണെന്നും അദ്ദേഹം അറിയിച്ചു. ക്ഷേത്രത്തിനുമുന്നിൽ സ്ഥലമില്ലാത്തതുകൊണ്ടാണ് വണ്ടി റോഡരികിൽ നിർത്തിയിട്ടതെന്നും മേലാസകലം ഭസ്മംപൂശിയ സന്ന്യാസി പറഞ്ഞു. നിയമം ലംഘിച്ച് വണ്ടി നിർത്തിയിട്ട് ഗതാഗത തടസ്സമുണ്ടാക്കിയതിന് 3,000 രൂപ പിഴയീടാക്കിയശേഷം സന്ന്യാസിയെ പോകാനനുവദിച്ചു. കേസൊന്നും എടുത്തിട്ടില്ലെന്ന് പോലീസ് അറയിച്ചു.