വിദ്യാർഥിയെ തല്ലിയ സംഭവം; 'യു.പി സർക്കാരിന്റെ പരാജയം', മനഃസാക്ഷിയെ ഞെട്ടിച്ചെന്ന് സുപ്രീംകോടതി

Update: 2023-09-25 11:35 GMT

ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ പ്രൈമറി സ്‌കൂൾ വിദ്യാർഥിയെ മറ്റു വിദ്യാർഥികളെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പോലീസിനുമെതിരെ വിമർശനവുമായി സുപ്രീംകോടതി. യുപി പോലീസിന്റെ നടപടികളിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു.

എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിലും സംഭവത്തിലെ വർഗീയ ആരോപണങ്ങൾ ഒഴിവാക്കിയതിലും കോടതി ചോദ്യങ്ങളുയർത്തി. കേസ് മുതിർന്ന ഐപിഎസ് റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കാനും നിർദേശിച്ചു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വിവേചനം തടയുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഉത്തരവ് പാലിക്കുന്നതിൽ സംസ്ഥാനത്തിന്റെ ഭാഗത്ത് പ്രഥമദൃഷ്ട്യാ പരാജയമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

'ആരോപണം ശരിയാണെങ്കിൽ ഒരു വിദ്യാർഥിയെ മതത്തിന്റെ പേരിൽ മറ്റുള്ള വിദ്യാർഥികളെ കൊണ്ട് അടിപ്പിക്കുന്നത് ഒരു അധ്യാപികയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏറ്റവും മോശമായ നടപടിയായിരിക്കും', ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ അഭയ് എസ്. ഒക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്ന രീതിയോട് ഞങ്ങൾക്ക് ശക്തമായ എതിർപ്പുണ്ട്. അച്ഛന്റെ ആദ്യ പരാതിയിൽ, അധ്യാപകൻ ഒരു പ്രത്യേക മതത്തിനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. നോൺ കോഗ്‌നിസബിൾ റിപ്പോർട്ടിൽ ഇതേ ആരോപണങ്ങളുണ്ട്. എഫ്‌ഐആറിൽ ഈ ആരോപണങ്ങൾ ഇല്ലെന്നും കോടതി പറഞ്ഞു. എഫ്‌ഐആറിൽ വീഡിയോയുടെ വിശദാംശങ്ങൾ ഇല്ലാത്തതിനെക്കുറിച്ചും കോടതി ചോദിച്ചു. ആരോപണങ്ങൾ ശരിയെങ്കിൽ സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കോടതി വിലയിരുത്തി. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച് ഉത്തരം പറയണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    

Similar News