പാർട്ടിയെ അതിന്റെ സ്ഥാപകരിൽനിന്നും തട്ടിപ്പറിച്ച് മറ്റൊരാൾക്ക് കൊടുത്തു: ശരദ് പവാർ
മഹാരാഷ്ട്രയിൽ പാർട്ടിയുടെ പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് നൽകാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരെ എൻ.സി.പി. സ്ഥാപകനേതാക്കളിൽ ഒരാളായ ശരദ് പവാർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നും പാർട്ടിയെ അതിന്റെ സ്ഥാപകരിൽനിന്നും തട്ടിപ്പറിച്ച് മറ്റുള്ളവർക്ക് കൊടുക്കുന്ന നടപടിയാണ് ചെയ്തതെന്നും പവാർ പറഞ്ഞു.
ഒരു രാഷ്ട്രീയ പാർട്ടിയുടെ പദ്ധതികളും പ്രത്യയശാസ്ത്രവുമാണ് ജനങ്ങൾക്ക് പ്രധാനം. അതിന്റെ ചിഹ്നം വളരെ കുറച്ച് സമയത്തേക്കു മാത്രമേ പ്രയോജനപ്പെടുകയുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ജനം അംഗീകരിക്കില്ലെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഞങ്ങൾ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഞങ്ങളുടെ ചിഹ്നം തട്ടിപ്പറിക്കുക മാത്രമല്ല ചെയ്തത്, പാർട്ടിയെ മറ്റുള്ളവർക്ക് കൈമാറുകയും ചെയ്തിരിക്കുന്നു. ഈ പാർട്ടിയെ അവരുടെ സ്ഥാപകരിൽനിന്നും അതിനെ വളർത്തിയവരിൽനിന്നും തട്ടിപ്പറിച്ച് മറ്റൊരാൾക്ക് കൊണ്ടു കൊടുക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ ഒന്ന് ഈ രാജ്യത്ത് മുൻപ് നടന്നിട്ടില്ല. ' ശരദ് പവാർ പറഞ്ഞു.
കോൺഗ്രസിൽനിന്ന് പിരിഞ്ഞ് 1999ൽ ശരദ് പവാർ രൂപീകരിച്ചതാണ് എൻസിപി. കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ ഔദ്യോഗികവിഭാഗമായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചത്. പാർട്ടിയുടെ പേരും 'ക്ലോക്ക്' ചിഹ്നവും ഇവർക്കുപയോഗിക്കാമെന്ന് കമ്മിഷൻ അറിയിച്ചു. 6 മാസത്തോളം നീണ്ട ഹിയറിങ്ങിനു ശേഷമാണ് കമ്മിഷന്റെ തീരുമാനം.