ഫോണിൽ സംസാരിച്ച് കൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട്; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിക്ക് സല്യൂട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ധാമി കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. മുഖ്യമന്ത്രി ഹെലികോപ്റ്ററിൽ നിന്ന് ഇറങ്ങിയപ്പോൾ, കോട്‌വാറിലെ എഎസ്‌പി ശേഖർ സുയാൽ ഫോണിൽ സംസാരിച്ചുകൊണ്ട് അദ്ദേഹത്തിന് സല്യൂട്ട് നൽകുകയായിരുന്നു.
സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുതിർന്ന ഉദ്യോഗസ്ഥർ നടപടിയെടുത്തത്. എഎസ്പിയെ നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്. ഓഗസ്റ്റ് 11ന് മുഖ്യമന്ത്രി ഹരിദ്വാറിൽ നിന്ന് ഹെലികോപ്റ്ററിലാണ് കോട്ദ്വാറിലേക്ക് എത്തിയത്. മുഖ്യമന്ത്രിയെ സ്വീകരിക്കാനാണ് എഎസ്പി ശേഖര്‍ സുയാല്‍ ഗ്രസ്താൻഗഞ്ച് ഹെലിപാഡിലെത്തിയത്. മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങി വരവെ എഎസ്പി ഫോണില്‍ സംസാരിച്ച് കൊണ്ട് സല്യൂട്ട് ചെയ്യുകയായിരുന്നു.
അതേസമയം, ജയ് ബലൂനിയെ കോട്‌വാറിലെ പുതിയ അഡീഷണൽ പൊലീസ് സൂപ്രണ്ടായി നിയമിച്ചു. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശമനമില്ലാതെ പെയ്ത അതിതീവ്രമഴയില്‍ നിരവധി പേരാണ് മരണപ്പെട്ടത്. ഓഗസ്റ്റ് 13ന് തുടങ്ങിയ കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടമാണ് ഹിമാചൽപ്രദേശിലുണ്ടായത്. വിവിധ ഇടങ്ങളിലായി ദേശീയദുരന്തനിവാരണ സേനയോടൊപ്പം സൈന്യവും, സംസ്ഥാന ദുരന്തനിവാരണസേനയും രക്ഷാപ്രവർത്തനങ്ങൾ നടത്തി.