ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കണം; ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്രം

Update: 2024-04-13 11:24 GMT

ആരോഗ്യകരമായ പാനീയങ്ങളുടെ വിഭാഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ളവ നീക്കം ചെയ്യാൻ ഇ-കൊമേഴ്‌സ് കമ്പനികളോട് കേന്ദ്ര സർക്കാർ. ഓൺലൈൻ പോർട്ടലുകളിലും മറ്റു പ്ലാറ്റ്‌ഫോമുകളിലും ആരോഗ്യകരമായ പാനീയങ്ങൾ എന്ന വിഭാഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തിനൊടുവിലാണ് ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോഗ്യകരമായ പാനീയങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ അനുവദനീയമായതിലും അമിതമായ അളവിൽ പഞ്ചസാരയുടെ സാന്നിധ്യം കണ്ടെത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി.

സുരക്ഷാ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും ആരോഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ നൽകുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ എഫ്.എസ്.എസ്.എ.ഐ-യോട് നേരത്തേ (Food Safety and Standards Authority of India) ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ ഭക്ഷ്യനിയമത്തിനു കീഴിൽ ആരോഗ്യകരമായ പാനീയങ്ങളെ നിർവചിച്ചിട്ടില്ലെന്നും ഇതേപേരിൽ ഉത്പന്നങ്ങൾ നൽകുന്നത് നിയമവിരുദ്ധമാണെന്നും കമ്മീഷൻ വ്യക്തമാക്കുന്നു. പാൽ, മാൾട്ട്, സെറീൽസ് എന്നിവ ഉപയോഗിച്ചുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നപേരിൽ ലേബൽ ചെയ്യുന്നതിനെതിരേ ഇ-കൊമേഴ്‌സ് പോർട്ടലുകൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദേശം നൽകിയിരുന്നു. വെബ്‌സൈറ്റുകളിലൂടെ വിൽക്കുന്ന ഭക്ഷ്യഉത്പന്നങ്ങൾ കൃത്യമായി വർഗീകരിച്ച് നൽകണമെന്നും നിർദേശമുണ്ടായിരുന്നു.

Tags:    

Similar News