സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം വളച്ചൊടിച്ചു; വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ഉദയനിധി സ്റ്റാലിൻ

Update: 2023-09-04 05:41 GMT

സനാതന ധർമത്തെക്കുറിച്ചുള്ള പരാമർശം വിവാദമായിരിക്കെ, തന്റെ പ്രസ്താവന വളച്ചൊടിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന ആരോപണവുമായി ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തനിക്കെതിരെ എന്ത് കേസ് എടുത്താലും നേരിടാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

'എനിക്കെതിരെ അവർ എന്ത് കേസ് നൽകിയാലും നേരിടാൻ തയാറാണ്. ബിജെപി 'ഇന്ത്യ' സഖ്യത്തെ ഭയക്കുന്നു. ഒരു കുലം, ഒരു ദൈവം എന്നതാണ് ഡിഎംകെയുടെ നയം. സനാതന ധർമത്തെ മാത്രമാണ് വിമർശിച്ചത്. ബിജെപി പ്രസ്താവനയെ വളച്ചൊടിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്' അദ്ദേഹം പറഞ്ഞു.

'സനാതന ധർമത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. സനാതന ധർമം ഉന്മൂലനം ചെയ്യപ്പെടണമെന്ന് വീണ്ടും പറയുന്നു. ഇത് തുടർച്ചയായി പറയും. 'കോൺഗ്രസ് മുക്ത ഭാരതം' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുമ്പോൾ അതിനർഥം കോൺഗ്രസുകാരെ കൊല്ലണമെന്നാണോ?. എന്താണ് സനാതന? സനാതനമെന്നാൽ ഒന്നും മാറേണ്ടതില്ല, എല്ലാം ശാശ്വതമാണ്. എന്നാൽ ദ്രാവിഡ മോഡൽ മാറ്റത്തിന് ആഹ്വാനം ചെയ്യുന്നു. എല്ലാവരും തുല്യരാകണം. പ്രസ്താവനയെ വളച്ചൊടിക്കലും വ്യാജവാർത്തകൾ പ്രചരിപ്പിക്കലും ബിജെപിയുടെ പതിവ് ജോലിയാണ്' അദ്ദേഹം കൂട്ടിച്ചേർത്തു.

സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമുള്ള അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്.

Tags:    

Similar News