'പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചു'; രാഹുൽ ഗാന്ധി

Update: 2024-08-23 06:17 GMT

കോൺഗ്രസ് പ്രവർത്തകർ പ്രധാനമന്ത്രിയെ മാനസികമായി തകർത്തുവെന്നും അദ്ദേഹത്തിൻറെ ആത്മവിശ്വാസം ഇല്ലാതായെന്നും രാഹുൽ ഗാന്ധി. വ്യാഴാഴ്ച ജമ്മുവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും പ്രധാനമന്ത്രി മോദിയുടെ ശരീരഭാഷ മാറിയെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയെ ഭരണഘടനയിൽ ശ്രദ്ധ ചെലുത്താൻ കോൺഗ്രസ് പ്രവർത്തകർ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയെ താൻ ദിവസവും പാർലമെന്റിൽ കാണാറുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മവിശ്വാസം കോൺഗ്രസ് പ്രവർത്തകർ തകർത്തുവെന്നും രാഹുൽ പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം കടക്കാനായില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രധാനമന്ത്രിയല്ല ഇപ്പോഴെന്നും ചൂണ്ടിക്കാട്ടി. ആർഎസ്എസിനെതിരായ പ്രത്യയശാസ്ത്ര പോരാട്ടത്തിന് കോൺഗ്രസ് പ്രവർത്തകരെ രാഹുൽ അഭിനന്ദിച്ചു.

ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയും നാഷണൽ കോൺഫറൻസ് (എൻസി) നേതാക്കളായ ഒമർ അബ്ദുല്ല, ഫാറൂഖ് അബ്ദുല്ല എന്നിവരുമായി വ്യാഴാഴ്ച ശ്രീനഗറിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

Tags:    

Similar News