ഒരു വിവാഹം നടത്തണമെങ്കിൽ കർഷകർ കടത്തിൽ മുങ്ങണം, അംബാനി ചെലവാക്കിയത് ജനങ്ങളുടെ പണം; രാഹുൽ ഗാന്ധി
വ്യവസായി മുകേഷ് അംബാനിയുടെ മകന്റെ ആഡംബര വിവാഹത്തിനെതിരെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മുകേഷ് അംബാനി ആയിരക്കണക്കിന് കോടി രൂപയാണ് മകന്റെ വിവാഹത്തിന് ചെലവാക്കിയതെന്ന് രാഹുൽ പറഞ്ഞു. ബിജെപി ഭരണഘടനയെ അട്ടിമറിക്കുകയാണെന്നും രാജ്യത്തെ വിരലിലെണ്ണാവുന്ന ശതകോടീശ്വരന്മാർക്ക് വേണ്ടിയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിയാനയിലെ സോനിപത്തിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു രാഹുലിന്റെ വിമർശനം.
മകന്റെ വിവാഹത്തിന് വേണ്ടി മുകേഷ് അംബാനി ചെലവഴിച്ച ആയിരക്കണക്കിന് കോടി രൂപ രാജ്യത്തെ ജനങ്ങളുടെ പണമാണെന്ന് രാഹുൽ പറഞ്ഞു. കുട്ടികളുടെ വിവാഹം നടത്താൻ സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണമില്ല. ബാങ്കിൽ നിന്ന് വായ്പ എടുക്കാതെ വിവാഹം നടത്താൻ സാധിക്കില്ലെന്നതാണ് സാധാരണക്കാരുടെ അവസ്ഥ. കർഷകർക്ക് ഒരു വിവാഹം നടത്തണമെങ്കിൽ കടത്തിൽ മുങ്ങണം. ഇന്ത്യയിലെ 25 പേർക്ക് വിവാഹത്തിന് ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കാൻ കഴിയുന്ന ഒരു സംവിധാനം നരേന്ദ്ര മോദി വികസിപ്പിച്ചെടുത്തെന്നും സാധാരണക്കാർ അവരുടെ പോക്കറ്റിൽ നിന്ന് എടുക്കുന്ന പണം ഈ 25 പേരുടെ പോക്കറ്റുകളിലേയ്ക്കാണ് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.