ഇഷ്ടം ആഡംബര കാറുകൾ, മോഷ്ടിച്ചത് 500 എണ്ണം; ഒടുവിൽ പിടിയിൽ

Update: 2023-09-18 10:57 GMT

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കാർ മോഷ്ടിച്ചു വിൽക്കുന്ന സംഘത്തിലെ അംഗങ്ങൾ പിടിയിൽ. ഇവർ മോഷ്ടിക്കുന്നതോ ആഢംബര കാറുകൾ മാത്രമാണ്. ഗുജറത്തിൽനിന്നു പുറത്തുവരുന്ന കാർ മോഷ്ടാക്കളുടെ കഥ ഇപ്പോൾ മാധ്യമങ്ങളിൽ വൻ ശ്രദ്ധ നേടുകയാണ്. അതിൽ അന്തർ സംസ്ഥാനസംഘത്തിലെ രണ്ടു പേർ മാത്രമാണു പിടിയിലായത്.

10 ആഡംബര കാറുകളുമായാണ് പ്രതികളെ പൊലീസ് പിടികൂടിയിട്ടുള്ളത്. മോഷ്‌ടിച്ച കാറുകൾ ഗുജറാത്തിൽ വിൽക്കാനായി എത്തിക്കുന്പോഴായിരുന്നു സംഘത്തിലെ രണ്ടു പേർ പോലീസിന്‍റെ വലയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ അഷ്‌റഫ് സുൽത്താൻ, ജാർഖണ്ഡ് സ്വദേശിയായ പിന്‍റു പഠാൻ എന്നിവരെയാണ് ഉദ്യോഗസ്ഥർ അറസ്‌റ്റ് ചെയ്‌തത്. ഇവർ സംഘത്തിലെ മുഖ്യ ആസൂത്രകരാണ്. ഇവരുടെ സംഘത്തിൽ 25 പേർ ഉണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിരിക്കുകയാണ്.

ഇർഫാൻ എന്നറിയപ്പെടുന്ന പിന്‍റു പഠാൻ ഒന്നര വർഷമായി ഡൽഹി പോലീസിന്‍റെ ആന്‍റി ഓട്ടോ തെഫ്‌റ്റ് സ്‌ക്വാഡ് വിവിധ കേസുകളുമായി ബന്ധപ്പെട്ടു തെരച്ചിൽ നടത്തുന്ന പ്രതിയാണ്. അഷറഫ് ഡൽഹിയിൽ പത്തിലധികം വാഹന മോഷണക്കേസുകളിൽ പ്രതിയാണ്. ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മോഷണ സംഘത്തിലെ മറ്റു പ്രതികൾ.

ആഢംബര കാറുകളിലെ സുരക്ഷാ സംവിധാനങ്ങൾ ഡീകോഡ് ചെയ്‌ത് വാഹനം മോഷ്‌ടിക്കുകയാണ് സംഘത്തിന്‍റെ രീതി. പിന്നീട് മറ്റു സംസ്ഥാനങ്ങളിൽ വിൽക്കുകയാണു പതിവ്. മോഷണം പോയ കാറുകളുടെ എഞ്ചിൻ ചെക്ക് നമ്പറുകൾ മാറ്റി മറ്റ് കാറുകളുടെ നമ്പറുകൾ ഉപയോഗിച്ച് അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എൻഒസി കത്തുകൾ ഉണ്ടാക്കുകയും ആർടിഒ കോഡ് നേടുകയും ചെയ്യും.

Tags:    

Similar News