രാജസ്ഥാനിലെ ഉദയ്പൂരിൽ ഭക്ഷ്യവിഷബാധയേറ്റ് നൂറിലധികംപേർ ആശുപത്രിയിൽ. രോഗലക്ഷണങ്ങളോടെ ആശുപത്രിയിലെത്തിയവർക്ക് പ്രാഥമിക പരിശോധനയിൽ ഭക്ഷ്യവിഷബാധ തെളിഞ്ഞതായി ബ്ലോക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സാകേത് ജെയിൻ പറഞ്ഞു. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇന്നലെ ഏകാദശി വ്രതമെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വ്രതമനുഷ്ഠിച്ചിരുന്നവർക്കായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 1500പേരാണ് ഇതിൽ പങ്കെടുത്തത്. പരിപാടിക്ക് ശേഷം നിവേദ്യമായി 'ഖിച്ഡി' നൽകിയിരുന്നു. ഇത് കഴിച്ചവരിൽ പലർക്കും ഛർദിയും തലകറക്കവും അനുഭവപ്പെട്ടു.
തളർച്ച അനുഭവപ്പെട്ടവരെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലെത്തിയവരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇതോടെ ജില്ലാ മെഡിക്കൽ വിഭാഗം ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എന്നാൽ, ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ ഡിസംബറിലും രാജസ്ഥാനിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. പ്രസാദം കഴിച്ച സ്‌കൂൾ വിദ്യാർത്ഥികൾക്കാണ് അന്ന് ഭക്ഷ്യവിഷബാധ ഉണ്ടായത്. ചുരു ജില്ലയിലെ ഒരു സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം.