ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെയും എഎപി നേതാക്കളുടെയും വസതിയിൽ ഇ ഡി പരിശോധന

Update: 2024-02-06 05:34 GMT

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വീട്ടില്‍ ഇ ഡി പരിശോധന. 12 ഇടങ്ങളില്‍ ഒരേ സമയമാണ് പരിശോധന ആരംഭിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറിയുടെ വീട്ടിലും പരിശോധന നടക്കുന്നു. പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാര്‍, രാജ്യസഭാ എംപി നാരായണ്‍ ദാസ് ഗുപ്ത എന്നിവരുടേതുള്‍പ്പെടെ 12 ഓളം സ്ഥലങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ഡല്‍ഹി ജല്‍ ബോര്‍ഡ് മുന്‍ അംഗം ശലഭ് കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി അഞ്ച് തവണ അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന നിലപാടാണ് കെജ്‌രിവാൾ സ്വീകരിച്ചത്. ഇതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചിരുന്നു. ഡൽഹി റോസ് അവന്യൂ കോടതിയിലാണ് ഇ ഡി പരാതി നൽകിയത്. മദ്യനയക്കേസിൽ അഞ്ച് തവണ സമൻസ് അയടച്ചിട്ടും കെജ്‌രിവാൾ ഹാജരായില്ലെന്നാണ് ഇഡി പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇഡി പരാതിയിൽ ഫെബ്രുവരി ഏഴിന് കോടതി വാദം കേൾക്കും.

മദ്യ നയവുമായി ബന്ധപ്പെട്ട അഴിമതികേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവില്ലെന്നാണ് അരവിന്ദ് കെജ്‌രിവാളിന്റെ നിലപാട്. ഇഡി നോട്ടീസ് നിയമവിരുദ്ധമാണെന്നും അതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും അരവിന്ദ് കെജ്‌രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ചോദ്യാവലി അയച്ചാല്‍ ഏത് ചോദ്യത്തിനും സന്തോഷത്തോടെ മറുപടി അയയ്ക്കാമെന്നും കെജ്‌രിവാള്‍ ഒരുഘട്ടത്തിൽ ഇഡി സമന്‍സിന് മറുപടി നല്‍കിയിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ അയച്ച മറ്റൊരു സമന്‍സിനോട് കെജ്‌രിവാള്‍ രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരം ഇഡി തനിക്ക് നോട്ടീസ് അയച്ചതാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ഏജൻസിയുമായി സഹകരിക്കാൻ കെജ്‌രിവാൾ തയ്യാറാണെന്നും എന്നാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് സമൻസ് അയച്ചതെന്നും ആം ആദ്മി പാർട്ടിയും നേരത്തെ പ്രതികരിച്ചിരുന്നു. 'എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നോട്ടീസ് അയച്ചത്? തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് കെജ്​രിവാളിനെ തടയാനുള്ള ശ്രമമാണ് നോട്ടീസ്,' എന്നായിരുന്നു ആം ആദ്മി പാർട്ടിയുടെ നിലപാട്.

Tags:    

Similar News