'സ്വയം ദൈവവമെന്ന് ആരും വിളിച്ചുപറയരുത്, സമൂഹത്തിൽ ആർക്കും ആദരണീയ വ്യക്തികളാകാം'; മോദിയെ വീണ്ടും വിമർശിച്ച് മോഹൻ ഭഗവത്

Update: 2024-09-06 06:18 GMT

പ്രധാനമന്ത്രി മോദിയെ പരോക്ഷമായി വിമർശിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭഗവത്. ആരും സ്വയം ദൈവമാണെന്ന് കരുതരുത്, ജോലിയിൽ മികവ് പുലർത്തുന്ന ഒരാളെ ദൈവമായി കണക്കാക്കണോ വേണ്ടയോ എന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. അല്ലാതെ അവർ സ്വയം ദൈവവമെന്ന് വിളിച്ചുപറയരുതെന്നും മോഹൻ ഭഗവത്. ദൈവമാണെന്ന മോദിയുടെ പ്രസ്താവനക്കെതിരെ നേരത്തെയും മോഹൻ ഭഗവത് രംഗത്തെത്തിയിരുന്നു. തന്റെ ജനനം ജൈവികമല്ലെന്നും ദൈവം അയച്ചവനാണെന്നായിരുന്നു മോദി അവകാശപ്പെട്ടത്. ഇതിനെ പരിഹസിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

'നമ്മുടെ ജീവിതകാലത്തിനിടയിൽ കഴിയുന്നത്ര നല്ല പ്രവൃത്തികൾ ചെയ്യാൻ ശ്രമിക്കണം. ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ ആർക്കും ആദരണീയ വ്യക്തികളാകാം. എന്നാൽ നമ്മൾ അത്തരത്തിൽ അംഗീകരിക്കപ്പെടേണ്ട ആളാണോ എന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. അല്ലാതെ സ്വയം ദൈവമായി പ്രഖ്യാപിക്കരുതെന്നും മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.

മണിപ്പൂരിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പ്രവർത്തനം നടത്തിയ ശങ്കർ ദിനകറിന്റെ ജന്മശതാബ്ദിയാഘോഷങ്ങളിൽ സംസാരിക്കുന്നതിനിടയിലായിരുന്നു ആർഎസ്എസ് തലവന്റെ പരാമർശം. മണിപ്പൂരിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഇപ്പോഴും യാതൊരു ഉറപ്പുമില്ല. ജനങ്ങൾ അവിടെ ആശങ്കയിലാണെന്നും മോഹൻ ഭഗവത് ഓർമ്മിപ്പിച്ചു.

Tags:    

Similar News