മഹാരാഷ്ട്രയിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവം; സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചിരുന്നെങ്കിൽ തകരില്ലായിരുന്നെന്ന് നിതിൻ ഗഡ്കരി

Update: 2024-09-04 08:28 GMT

മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ ശ്രദ്ധവെച്ചിരുന്നെങ്കിൽ തകർന്നുവീഴില്ലായിരുന്നെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗ്ഡകരി. പ്രതിമ നിർമിക്കാൻ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുന്നെങ്കിൽ പ്രതിമ തകരുന്നത് ഒഴിവാക്കാമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കടലോര മേഖലകളിൽ തുരുമ്പ് പിടിക്കാത്ത അസംസ്‌കൃതവസ്തുക്കൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

കടലിനോടടുത്ത മേഖലകളിൽ പാലം നിർമിക്കുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത താൻ നേരത്തെമുതൽ ചൂണ്ടിക്കാട്ടിയിരുന്നതായി ഗഡ്കരി പറഞ്ഞു. സിന്ധദുർഗിലെ പ്രതിമ സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമിച്ചിരുന്നെങ്കിൽ അത് തകർന്നുവീഴില്ലായിരുന്നു, അദ്ദേഹം പറഞ്ഞു.

അതിനിടെ, ശിവജി പ്രതിമയുടെ നിർമാണ ചുമതല വഹിച്ച ജയ്ദീപ് ആപ്തെ എന്നയാളെ കണ്ടെത്തുന്നതിന് പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പ്രതിമ തകർന്ന് പത്തുദിവസമായിട്ടും ഇയാളെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. നിർമാണ മേൽനോട്ടും വഹിച്ച ചേതൻ പാട്ടീലിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. പ്രതിമ തകർന്നതിലൂടെ ജനങ്ങൾക്കുണ്ടായ വേദനയ്ക്ക് ക്ഷമചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.

പ്രതിമ തകർന്നതിന് പിന്നാലെ മഹാരാഷ്ട്രയിൽ രാഷ്ട്രീയ വിവാദം ഉടലെടുത്തു. പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിമയുടെ നിർമാണത്തിനിടെയുണ്ടായ അഴിമതിയാണ് തകർച്ചയിലേക്ക് നയിച്ചത്. വിഷയത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവയ്ക്കണമെന്നും ആവശ്യമുയർന്നിരുന്നു.

Tags:    

Similar News