സാമൂഹ്യപ്രവർത്തകനും യുക്തിവാദിയും ഡോക്ടറുമായിരുന്ന നരേന്ദ്ര ദാഭോൽക്കറുടെ കൊലപാതകത്തിൽ രണ്ട് പ്രതികൾ കുറ്റക്കാരാണെന്ന് പുണെ കോടതി. മൂന്നുപേരെ വെറുതെവിട്ടു. കുറ്റക്കാരായി കണ്ടെത്തിയ സച്ചിൻ അന്ദുരെ, ശരദ് കലാസ്‌കർ എന്നിവർക്ക് ജീവപര്യന്തം തടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു.
ഡോ. വിരേന്ദ്രസിങ് താവ്ദെ, വിക്രം ഭവെ, സഞ്ജീവ് പുനലേകർ എന്നീ പ്രതികളെയാണ് കോടതി വെറുതെവിട്ടത്. മൂന്ന് വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ പുണെ സെഷൻസ് കോടതി ജഡ്ജി പി.പി. ജാദവാണ് വിധി പ്രസ്താവിച്ചത്. മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകനായ ദാഭോൽക്കർ 2013-ൽ പ്രഭാതനടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. സനാതൻ സൻസ്ത സംഘടനയുമായി ബന്ധമുള്ള പ്രതികളെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. 2014-ലാണ് കേസ് സിബിഐ ഏറ്റെടുത്തത്.
നരേന്ദ്ര ദാഭോൽക്കറും അദ്ദേഹം സ്ഥാപിച്ച മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതിയും നടത്തിയ ശക്തമായ പോരാട്ടത്തിന്റെ ഫലമായാണ് മഹാരാഷ്ട്ര സർക്കാർ അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ക്രൂരതകൾക്കും പീഡനത്തിനും തട്ടിപ്പുകൾക്കുമെതിരേ നിയമംകൊണ്ടുവന്നത്.