ഒരു കോടിക്ക് ക്വട്ടേഷൻ; 300 കോടിയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്നു, യുവതി അറസ്റ്റിൽ
300കോടി രൂപയുടെ സ്വത്തിന് വേണ്ടി ഭർതൃപിതാവിനെ കൊന്ന കേസിൽ യുവതി അറസ്റ്റിൽ. ടൗൺ പ്ലാനിംഗ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ അർച്ചന പുത്തേവാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 22നാണ് നാഗ്പൂരിലെ ബാലാജി നഗരിയിൽ വച്ച് വ്യവസായി പുരുഷോത്തം പുത്തേവാർ (82) കൊല്ലപ്പെടുന്നത്. അമിത വേഗതയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. വാഹനാപകടമാണെന്ന് കരുതിയ പൊലീസ് കേസ് ഫയൽ ചെയ്ത ശേഷം ഡ്രൈവറെ വിട്ടയച്ചു. എന്നാൽ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടലിൽ വീണ്ടും കേസ് പുനരാന്വേഷിക്കുകയായിരുന്നു.
പിന്നാലെയാണ് ഇത് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഒരു കോടി രൂപ ക്വട്ടേഷൻ നൽകിയാണ് യുവതി ഭർതൃപിതാവിനെ കൊന്നത്. ചൊവ്വാഴ്ചയാണ് അർച്ചനയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അർച്ചനയ്ക്കൊപ്പം കൂട്ടാളികളായ മൈക്രോസ്‌മോൾ മീഡിയ എന്റർപ്രൈസസ് ഡയറക്ടർ പ്രശാന്ത് പാർലേവാറെയും അറസ്റ്റ് ചെയ്തു.നീരജ് ഈശ്വരൻ നിംജെ (30), സച്ചിൻ മോഹൻ ധാർമിക് (29), ഫാമിലി ഡ്രൈവർ സാർത്തക് ബാഗ്‌ഡെ (29),? അർച്ചനയുടെ പേഴ്‌സണൽ അസിസ്റ്റന്റായ പായൽ നാഗേശ്വറും (28) എന്നിവരും കേസിൽ അറസ്റ്റിലായിട്ടുണ്ട്. അർച്ചന, നാഗേശ്വർ, ബാഗ്‌ഡെ എന്നിവർ ചേർന്നാണ് കൊലപാതകത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറയുന്നു. ബിയർ ബാറിന് ലൈസൻസ് നൽകാമെന്ന വാഗ്ദാനത്തെ തുടർന്നാണ് ധാർമിക് കൊലപാതകത്തിന്റെ ഭാഗമായത്. അർച്ചനയെ ഇന്ന് കോടതിയിൽ ഹാജകരാക്കും.