മഹാരാഷ്ട്ര സർക്കാറിന്റെ പരസ്യപോസ്റ്ററിൽ കാണാതായ വയോധികൻ; പ്രതീക്ഷയോടെ കുടുംബം

Update: 2024-07-22 07:50 GMT

മൂന്ന് വർഷം മുമ്പ് കാണാതായ വയോധികൻ മഹാരാഷ്ട്ര സർക്കാറിൻറെ പരസ്യപോസ്റ്ററിൽ. 2021 ഡിസംബറിൽ പൂനെയിലെ ഷിരൂരിൽ നിന്നാണ് 63-കാരനായ ജ്ഞാനേശ്വർ വിഷ്ണു താംബെയെ കാണാതായത്. കുടുംബം പലയിടത്തും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. അതിനിടയിലാണ് കുടുംബത്തിന്റെ പ്രതീക്ഷകൾ വീണ്ടുമുയർന്നത്. രണ്ടുദിവസം മുമ്പ് ഭരണകക്ഷിയായ ശിവസേനയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് അതിന് കാരണം.

കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയിൽ ''മുഖ്യമന്ത്രി തീർഥ ദർശൻ യോജന'' പദ്ധതി ആരംഭിച്ചത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രമുഖ മതകേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടനത്തിനായി മുതിർന്ന പൗരന്മാർക്ക് 30,000 രൂപ വരെ സബ്‌സിഡി നൽകുന്നതാണ് പദ്ധതി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട പരസ്യത്തിലാണ് മുഖ്യമന്ത്രി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡക്കൊപ്പം കാണാതായ ജ്ഞാനേശ്വർ വിഷ്ണു താംബെയുടെ ചിത്രവുമുള്ളത്.

ഈ വർഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സംസ്ഥാന സർക്കാരും ശിവസേനയുമെല്ലാം പദ്ധതിക്ക് വ്യാപക പ്രചാരണമാണ് നൽകിവരുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് അപ്രതീക്ഷിതമായായിരുന്നു താംബെയുടെ മകൻ ഭരതിന്റെ കണ്ണിൽപ്പെട്ടത്. 'തന്റെ സുഹൃത്തുക്കളിലൊരാളാണ് ഈ പരസ്യത്തിന്റെ സ്‌ക്രീൻ ഷോട്ട് അയച്ചുതന്നതെന്ന് ഭരത് പറയുന്നു. സ്‌ക്രീൻ ഷോട്ട് കണ്ടപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ തീർഥ ദർശൻ യോജനയുടെ പരസ്യത്തിലുള്ളത് തന്റെ പിതാവായിരുന്നു'. ശിക്രാപൂരിൽ ഭക്ഷണശാല നടത്തുന്ന ഭരത് പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

'പിതാവ് ജീവിച്ചിരിപ്പുണ്ടെന്നും സുഖമായിരിക്കുന്നുവെന്നും ഇപ്പോൾ ഞങ്ങൾക്കറിയാം...അദ്ദേഹവുമായുള്ള പുനഃസമാഗമത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർധിച്ചിരിക്കുകയാണ്...' മകൻ പറയുന്നു.

അതേസമയം, താംബെയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തെ പരാതി നൽകിയിരുന്നില്ലെന്നാണ് ശിക്രപൂർ പൊലീസ് പറയുന്നത്. കഴിഞ്ഞദിവസമാണ് മകനായ ഭരത് പരാതി നൽകിയതെന്ന് ഇൻസ്പെക്ടർ ദീപ്തൻ ഗെയ്ക്വാദ് പറഞ്ഞു. മുമ്പും താംബെ വീടു വിട്ടിറങ്ങിപ്പോയിട്ടുണ്ടെന്ന് പിന്നീട് തിരിച്ചുവരാറാണ് പതിവെന്നും കുടുംബം പറഞ്ഞതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പ്രശാന്ത് ധോലെ പറഞ്ഞു. 2021 ഡിസംബറിൽ കോവിഡ്-19 ന്റെ സമയത്താണ് അദ്ദേഹം അവസാനമായി വീടുവിട്ടിറങ്ങിയത്.

Tags:    

Similar News