ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണം; ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് എസ്.ജയശങ്കർ

Update: 2024-09-10 01:46 GMT

ഗാസയിൽ എത്രയും വേഗം വെടിനിർത്തലുണ്ടാകണമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഇന്ത്യ-ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) വിദേശകാര്യമന്ത്രിമാരുടെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഏറ്റവും വലിയ ആശങ്ക ഗാസയിലെ യുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

'ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല. ഭീകരവാദത്തെയും ബന്ദിയാക്കലിനെയും ഇന്ത്യ എതിർക്കുന്നു. നിഷ്‌കളങ്കരായ സാധാരണക്കാർ മരിച്ചുവീഴുന്നത് തുടരുന്നതിൽ ഇന്ത്യയ്ക്ക് അതിയായ ദുഃഖമുണ്ട്. മാനവിക തത്വങ്ങളെ കണക്കിലെടുത്തുവേണം എല്ലാ പ്രതികരണങ്ങളും. വളരെ വേഗം ഗാസയിൽ വെടിനിർത്തലുണ്ടാകുന്നതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു.

ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പലസ്തീൻ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യയുടേത്. പലസ്തീനിൽ അടിസ്ഥാന സൗകര്യങ്ങൾക്കും സ്ഥാപനങ്ങൾക്കുമായി ഇന്ത്യ സംഭാവനകൾ നൽകിയിട്ടുണ്ട്. എവിടെയാണോ മാനവിക പ്രശ്‌നങ്ങളുണ്ടാകുന്നത് ഞങ്ങൾ അവിടെ സഹായവുമായി എത്തുകയും യുഎൻ റിലീഫ് ആൻഡ് വർക്ക് ഏജൻസിക്കുള്ള പിന്തുണ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.' ജയശങ്കർ പറഞ്ഞു.

ചരിത്രവും സാംസ്‌കാരികവും പങ്കുവയ്ക്കലും ഇഴചേർന്ന സമ്പന്നമായ ബന്ധമാണ് ഇന്ത്യയും ജിസിസി രാജ്യങ്ങളും തമ്മിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി സന്ദർശനത്തിനിടെ സൗദി അറേബ്യ വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ.അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ ബിൻ ജാസിം അൽ താനി എന്നിവരുമായും ചർച്ച നടത്തി. റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവുമായും ജയശങ്കർ ചർച്ച നടത്തി.

Tags:    

Similar News