അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്: രാഹുലിനും പ്രിയങ്കയ്ക്കും ക്ഷണം ലഭിച്ചേക്കില്ല

Update: 2024-01-03 05:07 GMT

ജനുവരി 22-ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങിലേക്ക് രാഹുൽ ഗാന്ധിയ്ക്കും പ്രിയങ്കാ ഗാന്ധി വാദ്രയ്ക്കും ക്ഷണം ലഭിച്ചേക്കില്ല. കോൺഗ്രസിന്റെ പ്രഥമകുടുംബത്തിൽനിന്ന് സോണിയാ ഗാന്ധിയ്ക്കു മാത്രമേ ക്ഷണം ലഭിച്ചിട്ടുള്ളൂ.

ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാൻ, രാം മന്ദിർ തീർഥ് ക്ഷേത്ര ട്രസ്റ്റ് ചില മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. രാഹുലും പ്രിയങ്കയും ഇതിനുള്ളിൽപ്പെടാത്തതാണ് ക്ഷണിക്കപ്പെടാതിരിക്കാനുള്ള കാരണം. കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടി അധ്യക്ഷ എന്ന നിലയ്ക്കാണ് സോണിയയെ ക്ഷണിച്ചതെന്ന് ക്ഷേത്ര നിർമാണ കമ്മിറ്റി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാഷ്ട്രീയമേഖലയിൽനിന്ന് മൂന്നു വിഭാഗത്തിൽപ്പെട്ട നേതാക്കൾക്കാണ് ട്രസ്റ്റ് ക്ഷണക്കത്ത് അയക്കുന്നത്. 1- പ്രധാന പാർട്ടികളുടെ അധ്യക്ഷന്മാർ, 2-ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, 3- 1984-ലെയും 1992-ലെയും രാമക്ഷേത്ര നിർമാണ പ്രക്ഷോഭത്തിൽ പങ്കെടുത്തവർ. ഇത് കൂടാതെ സംന്യാസിമാർ, വ്യവസായികൾ, കലാകാരന്മാർ, കായികതാരങ്ങൾ തുടങ്ങിയവരെയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കുന്നുണ്ട്.

കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെയും ഇക്കഴിഞ്ഞ ദിവസം വി.എച്ച്.പി. വർക്കിങ് പ്രസിഡന്റ് അലോക് കുമാർ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.

 

Tags:    

Similar News