മറാത്ത സംവരണ വിഷയത്തിൽ പ്രതിഷേധം തുടരുന്നതിനിടെ മഹാരാഷ്ട്ര എം.എൽ.എ. പ്രകാശ് സോളെങ്കെയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. സംവരണ പ്രക്ഷോഭം നടത്തുന്ന മനോജ് പട്ടീലിന്റെ നിരാഹാര സമരത്തിനെതിരെ എൻ.സി.പി. നേതാവായ പ്രകാശ് സോളെങ്കെ നടത്തിയ പരാമർശമാണ് പ്രതിഷേധക്കാരെ പ്രകോപിച്ചത്.
വീടിനെതിരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ വീടിനുപുറത്തു നിർത്തിയിട്ടിരുന്ന വാഹനം നശിപ്പിക്കുകയും ചെയ്തു. 'അക്രമം നടക്കുമ്പോൾ താൻ വീടിനകത്തുണ്ടായിരുന്നു. തന്റെ കുടുംബത്തിനോ, സ്റ്റാഫിനോ പരിക്കുകളില്ല. എന്നാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്' പ്രകാശ് സോളെങ്കെ പറഞ്ഞു.
ആൾക്കൂട്ടം വീടിനുനേരെ കല്ലെറിയുന്നതും, കെട്ടിടം കത്തുന്നതും, കറുത്തപുക ഉയരുന്നതുമെല്ലാം എ.എൻ.ഐ. പങ്കുവെച്ച ദൃശ്യങ്ങളിൽ കാണാം. സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ പൂർണമായ വീഴ്ചയാണിതെന്ന് എൻ.സി.പി. കുറ്റപ്പെടുത്തി.
'മഹാരാഷ്ട്രയിലെ സർക്കാറിന്റെ വീഴ്ചയാണിത്. ഇന്ന് ഒരു എം.എൽ.എ.യുടെ വീടിനാണ് തീയിട്ടത്. ഇപ്പോൾ ആഭ്യന്തരമന്ത്രി എന്തുചെയ്യുകയാണ്? ഇതവരുടെ ഉത്തരവാദിത്തമാണ്.'- എൻ.സി.പി നേതാവ് സുപ്രിയ സുലേ പറഞ്ഞു.