സിപിഎം ഭീകരപ്രസ്ഥാനം, സഖ്യത്തിൽ ഏർപ്പെടില്ല: നിലപാടു വ്യക്തമാക്കി മമത ബാനർജി

Update: 2024-01-11 06:15 GMT

സിപിഎം ഭീകരരുടെ പാർട്ടിയാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സഖ്യത്തിനില്ലെന്നും വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപിയെ സഹായിക്കുന്ന നിലപാടാണു സിപിഎം സ്വീകരിക്കുന്നതെന്നും അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും മമത ആരോപിച്ചു. കോൽക്കത്തയിൽ നടന്ന സർക്കാർ ചടങ്ങിൽ പ്രസംഗിക്കവെയാണു മമതയുടെ വിമർശനം.

അധികാരത്തിലിരുന്ന 34 വർഷം ജനങ്ങൾക്കുവേണ്ടി സിപിഎം എന്തു ചെയ്തു. ജനങ്ങൾക്ക് എന്ത് അലവൻസാണ് സിപിഎം സർക്കാർ നൽകിയത്. തൃണമൂൽ കോൺഗ്രസ് സർക്കാർ 20,000 പേർക്കു ജോലി നൽകിയെന്നും ബിജെപിക്കും സിപിഎമ്മിനും എതിരായ പോരാട്ടമാണ് താൻ നടത്തുന്നതെന്നും മമത ബാനർജി പറഞ്ഞു.

തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും നേരത്തേ വ്യക്തമാക്കിയിരുന്നു. ബിജെപിയുമായി തന്ത്രപരമായ ബന്ധത്തിൽ തൃണമൂൽ കോൺഗ്രസ് ഏർപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആരോപിച്ചു. കേന്ദ്ര ഏജൻസികളിൽനിന്ന് തങ്ങളുടെ നേതാക്കളെ രക്ഷിക്കാനുള്ള അടവുനയമാണ് തൃണമൂൽ സ്വീകരിക്കുന്നതെന്നും അഴിമതിക്കാരായ തൃണമൂൽ കോൺഗ്രസിന് ബിജെപിയെ നേരിടാൻ കഴിയില്ലെന്നും സലീം വ്യക്തമാക്കി.

Tags:    

Similar News