വോട്ടുചെയ്യാനെത്തിയ സ്ത്രീകളോട് മുഖാവരണം മാറ്റാനാവശ്യപ്പെട്ടു; മാധവി ലതയ്‌ക്കെതിരെ കേസെടുക്കും
നിഖാബ് ധരിച്ച് പോളിങ് ബൂത്തിൽ വോട്ടുചെയ്യാനെത്തിയ സ്ത്രീകളോട് മുഖം പ്രദർശിപ്പിക്കാനാവശ്യപ്പെട്ട ഹൈദരാബാദിലെ ബി.ജെ.പി. സ്ഥാനാർഥി മാധവി ലതയുടെ നടപടി വിവാദത്തിൽ. ബൂത്തിൽ സന്ദർശനത്തിനെത്തിയ മാധവി ലത വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ബുർഖ മാറ്റാനാവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിലെ ഫോട്ടോയുമായി ഒത്തുനോക്കണമെന്നായിരുന്നു മാധവി ലതയുടെ ആവശ്യം.
എന്നാൽ, മാധവി ലതയ്ക്കെതിരെ കേസെടുക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ റൊണാൾഡ് റോസ് അറിയിച്ചു. തിരിച്ചറിയലിനായി വോട്ടർമാരുടെ ശിരോവസ്ത്രം മാറ്റാൻ ആവശ്യപ്പെടാൻ സ്ഥാനാർഥിക്ക് അവകാശമില്ലെന്ന് അദ്ദേഹം അറിയിച്ചു. സംശയമുണ്ടെങ്കിൽ അവർക്ക് പോളിങ് ഓഫീസറോട് ഇക്കാര്യം ആവശ്യപ്പെടാമെന്നും തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.
എന്നാൽ, സ്ഥാനാർഥിയെന്ന നിലയിൽ തനിക്ക് വോട്ടർ ഐ.ഡി. കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ടെന്ന് മാധവി ലത പ്രതികരിച്ചു. 'ഞാനൊരു സ്ത്രീയാണ്. വളരെ വിനയത്തോടെയാണ് ഞാൻ ശിരോവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടത്. ആർക്കെങ്കിലും ഇതൊരുവിവാദമാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, അവർക്ക് പരാജയഭീതിയുണ്ടെന്നാണ് അർഥം', മാധവി ലത കൂട്ടിച്ചേർത്തു.