രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; അദ്വാനിയും മുരളി മനോഹർ ജോഷിയും എത്തിയേക്കില്ല 

Update: 2023-12-19 05:22 GMT

അയോധ്യയിലെ രാമക്ഷേത്രത്തിലെ ജനുവരിയിൽ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിൽ മുതിർന്ന ബി.ജെ.പി. നേതാക്കളായ എൽ.കെ. അദ്വാനിയും മുരളി മനോഹർ ജോഷിയും പങ്കെടുത്തേക്കില്ല. പ്രായവും ആരോഗ്യവും കണക്കിലെടുത്ത് ഇരുവരോടും ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് അഭ്യർഥിച്ചതെന്നും അദ്വാനിയും ജോഷിയും അത് അംഗീകരിച്ചുവെന്നും രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് മാധ്യമങ്ങളോടു പ്രതികരിച്ചു.

ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയിൽ പങ്കെടുക്കും. 96 വയസ്സാണ് അദ്വാനിയുടെ പ്രായം. ജോഷിയ്ക്ക് അടുത്തമാസം 90 വയസ്സു തികയും. അയോധ്യാ രാമക്ഷേത്ര നിർമാണ ആവശ്യത്തിന് മുൻനിരയിലുണ്ടായിരുന്ന നേതാക്കളായിരുന്നു ഇരുവരും.

ചടങ്ങിനുള്ള തയ്യാറെടുപ്പുകൾ ജനുവരി 15-ന് പൂർത്തിയാകുമെന്നും പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള പൂജകൾ 16-ാം തീയതി മുതൽ ആരംഭിച്ച് 22 വരെ തുടരുമെന്നും ചമ്പത് റായ് കൂട്ടിച്ചേർത്തു. 

നാലായിരത്തോളം പുരോഹിതന്മാരും 2,200 മറ്റ് അതിഥികളും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്. കാശി വിശ്വനാഥ്, വൈഷ്ണോദേവി തുടങ്ങിയ പ്രധാനക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാരും ചടങ്ങിൽ പങ്കെടുക്കും. ടിബറ്റൻ ആത്മീയ നേതാവ് ദലൈ ലാമ, മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, സിനിമാതാരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത്, മാധുരി ദീക്ഷിത്, സംവിധായകൻ മാധുർ ഭണ്ഡാർകർ, വ്യവസായ പ്രമുഖന്മാരായ മുകേഷ് അംബാനി, അനിൽ അംബാനി, പ്രശസ്ത ചിത്രകാരൻ വസുദേവ് കാമത്ത് തുടങ്ങി നിരവധി പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ചമ്പത് റായി പറഞ്ഞു.

Tags:    

Similar News