ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്; മലയാളിയെ കാണാനില്ല

Update: 2024-01-01 01:39 GMT

ഉത്തർപ്രദേശിൽ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിഞ്ഞ മലയാളിയെ കാണാതായി. തിരുവനന്തപുരം സ്വദേശിയായ 32-കാരനാണ് ജീനോം പരിശോധനാഫലം പുറത്തുവരുന്നതിന് മുമ്പ് മുങ്ങിയത്. ശനിയാഴ്ചയാണ് ഇയാളുടെ ആർ.ടി-പി.സി.ആർ പരിശോധനാഫലം പുറത്തുവന്നത്. ആഗ്ര കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാൾക്ക് കോവിഡ് പരിശോധന നടത്തിയത്.

ജീനോം സീക്വൻസിങ് നടത്തി കോവിഡിന്റെ വകഭേദമാണോ എന്ന് കണ്ടെത്തുന്നതിനായി ഇയാളുടെ സാമ്പിൾ അയച്ചു. ഇതിന്റെ ഫലം വരുന്നതുവരെ കാത്തിരിക്കാൻ അധികൃതർ ഇയാളോട് പറഞ്ഞെങ്കിലും ഇയാളെ പിന്നീട് കാണാതാകുകയായിരുന്നു. രാജസ്ഥാനിലെ ധോൽപുർ ആണ് ഇയാളുടെ മൊബൈൽ ഫോൺ അവസാനമായി കാണിച്ച ലൊക്കേഷൻ. പിന്നീട് ഫോൺ സ്വിച്ച് ഓഫായി.

'വകഭേദം തിരിച്ചറിയാനായി ലഖ്നൗവിലെ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് സാമ്പിൾ അയച്ചത്. അയാളോട് ഫലം വരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു. പക്ഷേ ആരോഗ്യവകുപ്പ് ജീവനക്കാർ എത്തുന്നതിന് മുമ്പ് അയാൾ നഗരം വിട്ടിരുന്നു. അയാളെ കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രീകൃത പോർട്ടലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.' -ചീഫ് മെഡിക്കൽ ഓഫീസർ അരുൺകുമാർ ശ്രീവാസ്തവ പറഞ്ഞു.

Tags:    

Similar News