ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കെ സി വേണു​ഗോപാൽ

Update: 2024-06-26 11:37 GMT

ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിൽ ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി രം​ഗത്ത്. ശബ്ദവോട്ടിൽ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങൾ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും വ്യക്തമാക്കി.


തൃണമൂൽ കോൺഗ്രസടക്കം എല്ലാവരും കോൺഗ്രസ് ആഗ്രഹിച്ചത് പോലെ ശബ്ദവോട്ടിനൊപ്പം നിന്നുവെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ സത്യപ്രതിജ്ഞ ചെയ്യാത്തതിനാലാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. അദ്ദേഹം വിദേശത്ത് പോകുമെന്ന് നേരത്തെ പറഞ്ഞതാണ്. ഇന്ന് സഭയിലെത്താൻ അൽപ്പം വൈകി. അതൊന്നും വലിയ വിവാദമാക്കേണ്ടതില്ല. പ്രതീക്ഷിക്കാത്ത പല എംപിമാരും പിന്തുണച്ചു. ചന്ദ്രശേഖര്‍ ആസാദടക്കം പിന്തുണച്ചിട്ടുണ്ട്.


അടിയന്തിരാവസ്ഥയിൽ പ്രമേയം പാസാക്കിയ നടപടി അനാവശ്യമാണ്. മറ്റെന്തെല്ലാം വിഷയങ്ങൾ പരിഗണനയിലുണ്ട്. അക്രമം നടക്കുന്ന മണിപ്പൂരിൻ്റെ പ്രശ്നങ്ങളിലും നീറ്റ് വിഷയത്തിലും പ്രമേയം പാസാക്കിയില്ലല്ലോ? പ്രതിപക്ഷത്തെ കൂടി പരിഗണിച്ച് കൊണ്ട് മുന്നോട്ട് പോകണം എന്നാണ് ഇന്ത്യ സഖ്യം ആഗ്രഹിക്കുന്നത്. എന്നാൽ സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധമായി മുന്നോട്ട് പോകാനാണ് തീരുമാനിക്കുന്നത്. സ്പീക്കര്‍ പദവി ഭരണഘടനാ പദവിയാണ്. അദ്വാനി പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സഭയിൽ പ്രമേയം അവതരിപ്പിച്ച് പിൻവലിച്ചിട്ടുണ്ട്. യാതൊരു ആത്മവിശ്വാസക്കുറവും പ്രതിപക്ഷത്തിനില്ല. പ്രധാനമന്ത്രിയുടെയും പ്രതിപക്ഷ നേതാവിൻ്റെയും പ്രസംഗം താരതമ്യം ചെയ്താൽ ഇക്കാര്യം മനസിലാകും. വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News