രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുക്കുമെന്ന പ്രഖ്യാപനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കമൽനാഥ്. രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ കമൽനാഥ് കോൺഗ്രസ് വിടുമെന്ന അഭ്യൂഹം പരന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായാണ് കമലിന്റെ പ്രഖ്യാപനം. മാർച്ച് രണ്ടിന് മധ്യപ്രദേശിൽ എത്തുന്ന ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് കമൽനാഥ് നയം വ്യക്തമാക്കിയത്. ഓൺലൈനായാണ് യോഗത്തിൽ കമൽനാഥ് പങ്കെടുത്തത്. രാഹുലിന്റെ യാത്ര പങ്കെടുക്കുമെന്ന് കമൽനാഥ് അറിയിച്ചതായി കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്വാരിയാണ് വ്യക്തമാക്കിയത്.
നാല് ദിവസമാണ് ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം നടത്തുക. രാജസ്ഥാനിലെ മൊറേനയിൽ വച്ച് മധ്യപ്രദേശിലേക്ക് യാത്ര പ്രവേശിക്കും. ഗ്വാളിയോർ, ശിവപുരി, ഗുണ, രാജ്ഗഡ്, ഷാജാപൂർ, ഉജ്ജയിൻ, ധാർ, രത്ലം എന്നിവിടങ്ങളിലൂടെ മാർച്ച് ആറിന് യാത്ര വീണ്ടും രാജസ്ഥാനിലേക്ക് കടക്കും. പര്യടനത്തിനിടെ മഹാകാലേശ്വർ ക്ഷേത്രത്തിലെ പൂജ ചടങ്ങുകളിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കമൽനാഥും മകൻ നകുൽനാഥും പാർട്ടിവിട്ടേക്കുമെന്ന പ്രചാരണത്തിനിടെ ഉണ്ടായ പ്രഖ്യാപനം കോൺഗ്രസ് പ്രവർത്തകർക്ക് ആശ്വാസം പകർന്നിട്ടുണ്ട്.