ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു

Update: 2023-12-12 05:02 GMT

വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല പുതിയ പെരുമാറ്റച്ചട്ടം അവതരിപ്പിച്ചു. ക്യാമ്പസിൽ സമരം ചെയ്താൽ 20,000 രൂപ പിഴയും 'ദേശവിരുദ്ധ' മുദ്രാവാക്യങ്ങൾ വിളിച്ചാൽ 10,000 രൂപ പിഴയും ഈടാക്കുമെന്ന് പുതിയ പെരുമാറ്റച്ചട്ടത്തിൽ പറയുന്നു. അക്കാദമിക് കോംപ്ലക്സുകൾക്കോ ഭരണവിഭാഗം കെട്ടിടങ്ങൾക്കോ 100 മീറ്റർ പരിധിയിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചാലാണ് കടുത്ത പിഴ ഈടാക്കുക. അതുപോലെ നിരാഹാര സമരമോ ധർണയോ മറ്റ് പ്രതിഷേധങ്ങളോ നടത്തിയാൽ വിദ്യാർഥികൾക്ക് 20,000 രൂപ വീതമാണ് പിഴയിടുക.

മുദ്രാവാക്യങ്ങൾ ദേശവിരുദ്ധമെന്ന് കണ്ടെത്തിയാൽ 10,000 രൂപയാണ് പിഴ. അതുപോലെ പോസ്റ്ററുകൾ ലഘുലേഖകൾ തുടങ്ങിയവയിൽ മോശം ഭാഷ ഉപയോഗിച്ചാലും ജാതീയ-വർഗീയ വേർതിരിവുണ്ടാക്കുന്ന പ്രയോഗങ്ങൾ നടത്തിയാലും 10,000 രൂപ പിഴയിടും. ക്യാമ്പസിൽ അധികൃതരുടെ അനുവാദമില്ലാതെ ആഘോഷങ്ങൾ സംഘടിപ്പിച്ചാൽ 6000 രൂപയും സർവകലാശാലക്കുള്ളിൽ പുകവലിച്ചാൽ 500 രൂപയും മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയവക്ക് 8000 രൂപയുമാണ് പിഴയീടാക്കുക.

അതേസമയം വിദ്യാർഥി പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുതിയ പെരുമാറ്റച്ചട്ടത്തിനെതിരെ സർവകലാശാല യൂണിയൻ രംഗത്തെത്തിയിട്ടുണ്ട്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള സർവകലാശാല അധികൃതരുടെ നീക്കത്തിന്‍റെ ഭാഗമാണിതെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. 

Tags:    

Similar News