ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; കുതിരപ്പുറത്ത് വോട്ട് ചെയ്യാനെത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍

Update: 2024-10-05 11:02 GMT

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കുതിരപ്പുറത്തെത്തി വോട്ട് രേഖപ്പെടുത്തി ബിജെപി എംപി നവീന്‍ ജിന്‍ഡാല്‍. ജനങ്ങള്‍ക്കിടയില്‍ വളരെയധികം ആവേശമുണ്ടെന്നും അവര്‍ നയാബ് സിങ് സൈനി വീണ്ടും മുഖ്യമന്ത്രിയാകുമെന്നും വോട്ട് രേഖപ്പെടുത്തിയതിന് ശേഷം നവീന്‍ ജിന്‍ഡാല്‍ പ്രതികരിച്ചു. ഐശ്വര്യമായി കുതിരപ്പുറത്ത് കയറിയാണ് ഇവിടെയെത്തിയത്. ഹിസാറില്‍ നിന്ന് മത്സരിക്കുന്ന അമ്മ സാവിത്രി ജിന്‍ഡാലിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതിനാല്‍ ഹിസാറിലെ ജനങ്ങള്‍ ആരെ പ്രതിനിധിയാക്കണമെന്ന് തീരുമാനിക്കണമെന്നും നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു.

ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലെത്താനാണ് ബിജെപിയുടെ ശ്രമം. ഭരണ വിരുദ്ധ വികാരം ഉയര്‍ത്തി അധികാരം തിരിച്ചു പിടിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് കര്‍ഷക പ്രതിഷേധങ്ങളും ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമെല്ലാം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആയുധമാക്കിയിരുന്നു. മനോഹര്‍ ലാല്‍ ഖട്ടറിന്റെ പിന്‍ഗാമിയായി ഈ വര്‍ഷം മാര്‍ച്ചില്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ലാദ്വ മണ്ഡലത്തില്‍ നിന്നാണ് സൈനി മത്സരിക്കുന്നത്. കോണ്‍ഗ്രസ് നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുവെന്നും അവരുടെ മുന്‍കാല ഭരണം തൊഴിലില്ലായ്മയിലേയ്ക്ക് എത്തിച്ചുവെന്നും മനോഹര്‍ ലാല്‍ ഖട്ടര്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പ്രതികരിച്ചു.

Tags:    

Similar News