'അറിഞ്ഞത് ആദിത്യ എൽ1 വിക്ഷേപണ ദിനത്തിൽ'; താൻ കാൻസർ ബാധിതനാണെന്ന് ഇസ്രോ മേധാവി സോമനാഥ്

Update: 2024-03-04 10:57 GMT

താൻ അർബുദബാധിതനെന്ന് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എൽ-1 വിക്ഷേപണം നടത്തി ദിവസമാണ് തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സോമനാഥ് പറഞ്ഞു. സ്‌കാനിങ്ങിൽ വയറ്റിലാണ് കാൻസർ ബാധയെന്നാണ് കണ്ടെത്തിയത്.

ചാന്ദ്രയാൻ -3 ദൗത്യം നടക്കുന്ന സമയത്താണ് തനിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. ആ ഘട്ടത്തിൽ ചികിത്സയും പരിശോധനയും ഉണ്ടായിരുന്നുവെങ്കിലും അത് കാൻസർ ആണെന്ന് വ്യക്തമായിരുന്നില്ല. ആദിത്യ-എൽ1 വിക്ഷേപിച്ച അന്നാണ് കാൻസർ ആണെന്ന് സ്ഥിരീകരിക്കുന്നത്. അത് തനിക്കും കുടുംബത്തിനും ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറയുന്നു.

കാൻസർ രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയ്ക്കും പിന്നീട് കീമോതെറാപ്പിക്കും വിധേയനായി. പൂർണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകൾ നിരന്തരം നടത്തിവരികയാണ്. അതേസമയം ഇസ്രോ ചെയർമാനെന്ന നിലയ്ക്ക് താൻ തൻറെ ജോലികൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2023 സെപ്തംബർ 2-നാണ് ആദിത്യ എൽ1 വിക്ഷേപിക്കുന്നത്.

Tags:    

Similar News