ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിൽ അവിശ്വാസ പ്രമേയം നേരിടാനിരിക്കെ എതിരാളികൾക്കെതിരെ കേന്ദ്ര സർക്കാറിനെ സമീപിച്ച് പ്രസിഡന്‍റ് പി.ടി. ഉഷ. ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ കല്യാൺ ചൗബക്കെതിരെ കേന്ദ്രത്തിന് പരാതി നൽകിയിരിക്കുകയാണ് പി.ടി ഉഷ. ഒളിമ്പിക് അസോസിയേഷന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നവരോടൊപ്പം ചേർന്ന് ജോയിന്‍റ് സെക്രട്ടറിയായ കല്യാൺ ചൗബയും പ്രവർത്തിക്കുന്നുവെന്നാണ് ഉഷ പരാതിയിൽ പറയുന്നത്. കല്യാൺ ചൗബ പുറത്തുവിട്ട യോഗത്തിന്‍റെ അജണ്ട തെറ്റാണെന്നും നിയമവിരുദ്ധ നടപടിയാണെന്നും ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 25ന് ചേരുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ പ്രത്യേക യോഗത്തിന്‍റെ അജണ്ടയിലാണ് പ്രസിഡന്‍റ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. 25ന് നടക്കുന്ന യോഗത്തിലെ 26ാം അജണ്ടയായാണ് പി.ടി. ഉഷക്കെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുക. 'സംഘടനാ ഭരണഘടനയുടെ ലംഘനവും ഇന്ത്യൻ കായികമേഖലയെ പ്രതികൂലമായി ബാധിക്കുന്ന നടപടികളും ആരോപിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രസിഡന്‍റിനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യുകയും പരിഗണിക്കുകയും ചെയ്യും' എന്നാണ് അജണ്ടയായി രേഖപ്പെടുത്തിയിട്ടുള്ളത്.