ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേര് ; മാറ്റാനുള്ള നീക്കം അനാവശ്യമെന്ന് സിദ്ധരാമയ്യ

Update: 2023-09-06 05:42 GMT

ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ത്യ എന്നത് അംഗീകരിക്കപ്പെട്ട പേരായതിനാല്‍ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ അനാവശ്യമാണെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഇന്ത്യ എന്ന പേര് ഭരണഘടനയുമായി ചേര്‍ന്ന് നില്‍ക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന പേരില്‍ പുറത്തുവന്ന ജി20 അത്താഴ ക്ഷണം വൈറലായതിന് പിന്നാലെയുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ.

''നമ്മുടെ ഭരണഘടനയില്‍, ഇന്ത്യ എന്ന പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനെ 'ഇന്ത്യയുടെ ഭരണഘടന' എന്ന് വിളിക്കുന്നു. 'ഇന്ത്യ' എന്നത് നമ്മുടെ രാജ്യത്തിന് സ്വീകാര്യമായ പദമാണ്. അതിനെ ഭാരതമാക്കുന്നത് ആവശ്യമില്ലാത്ത നടപടിയാണെന്ന് ഞാന്‍ കരുതുന്നു' സിദ്ധരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതില്‍ നിന്ന് ഭാരതം എന്നാക്കി മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നതിനിടെ, 'ദി പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പേരില്‍ നല്‍കിയ ജി 20 അത്താഴ ക്ഷണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജി20 ഉച്ചകോടിയുടെ വേദിയായ ഭാരത് മണ്ഡപത്തില്‍ ശനിയാഴ്ച രാത്രി 8ന് നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണമാണിത്.

വിഷയത്തില്‍ കേന്ദ്ര നീക്കത്തെ എതിര്‍ത്ത് കര്‍ണാടക ഉപമുഖ്യമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനുമായ ഡികെ ശിവകുമാറും രംഗത്ത് വന്നിരുന്നു. ''ഇത് ശരിയല്ല, ഇത്തരം രാഷ്ട്രീയം നടത്തരുത്, നിങ്ങള്‍ (ബിജെപി) അധികകാലം അധികാരത്തില്‍ തുടരാന്‍ പോകുന്നില്ല.' ശിവകുമാര്‍ ഇതിനോട് പ്രതികരിച്ചു. 'ഇത് റിപ്പബ്ലിക് ഓഫ് ഇന്ത്യയാണ്, നമ്മുടെ കറന്‍സി നോട്ടുകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് പറയുന്നത്....ഞങ്ങള്‍ (എന്‍ഡിഎ ഇതര പാര്‍ട്ടികള്‍) ഞങ്ങളുടെ സഖ്യത്തെ ഇന്ത്യ എന്ന് വിളിച്ചത് അവര്‍ക്ക് (കേന്ദ്ര സര്‍ക്കാര്‍) ദഹിച്ചിട്ടില്ല, അതിനാലാണ് ഇവര്‍ ഈ നീക്കം നടത്തുന്നത്. ഇത് അവര്‍ക്ക് നമ്മളെക്കുറിച്ചുള്ള ഭയത്തിന്റെ അളവ് കാണിക്കുന്നു. അവരെ ഇത് എത്രമാത്രം ബാധിച്ചുവെന്നും മനസിലാക്കാം. സ്വന്തം പരാജയം അവര്‍ക്ക് കാണാന്‍ കഴിയുന്നു'' കനകപുരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

Similar News