രാമായണം സ്‌കിറ്റ് അവതരിപ്പിച്ച ഐഐടി വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ പിഴ; പ്രതിഷേധം

Update: 2024-06-20 07:37 GMT

സ്റ്റേജിൽ രാമായണത്തിന്റെ പാരഡി അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് വൻതുക പിഴ. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഒഫ് ടെക്നോളജി (ഐഐടി) ബോംബെ ആണ് എട്ട് വിദ്യാർത്ഥികൾക്ക് വൻതുക പിഴയടയ്ക്കാൻ നിർദേശം നൽകിയത്. രാമായണത്തിന്റെ പാരഡിയെന്ന് കരുതപ്പെടുന്ന 'രാഹോവൻ' സ്റ്റേജിൽ അവതരിപ്പിച്ചതിനാണ് നടപടി. ഐഐടിയുടെ ആർട്സ് ഫെസ്റ്റിവലിന്റെ ഭാഗമായി മാർച്ച് 31നാണ് വിദ്യാർത്ഥികൾ സ്‌കിറ്റ് അവതരിപ്പിച്ചത്. രാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് സ്‌കിറ്റ് എന്നും ഹിന്ദു വിശ്വാസങ്ങളെയും ദൈവങ്ങളെയും അവഹേളിക്കുന്ന പരാമർശങ്ങളുണ്ടെന്നും ആരോപിച്ച് ഒരു വിഭാഗം വിദ്യാർത്ഥികൾ നാടകത്തിനെതിരെ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫെമിനിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക മൂല്യങ്ങളെ സ്‌കിറ്റ് പരിഹസിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് ഐഐടി ബോംബെ ഒരു കമ്മിറ്റി രൂപീകരിക്കുകയും ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുകയും ചെയ്തതിനുശേഷമാണ് നടപടി. സ്‌കിറ്റ് അവതരിപ്പിച്ച നാല് വിദ്യാർത്ഥികൾക്ക് 1.2 ലക്ഷം രൂപ വീതയും നാലുപേർക്ക് 40,000 രൂപ വീതവുമാണ് പിഴ ചുമത്തിയിരിക്കുന്നത്. മുതിർന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസിലെ അവാർഡ് വിതരണ പരിപാടിയിൽ വിലക്കേർപ്പെടുത്തുകയും ജൂനിയർ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങളിൽ വിലക്കേർപ്പെടുത്തുകയും ചെയ്തു. ജൂൺ 20നകം പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ കൂടുതൽ നടപടികൾ നേരിടേണ്ടി വരുമെന്നുമാണ് ഡീനിന്റെ ഓഫീസ് വിദ്യാർത്ഥികൾക്ക് കർശന നിർദേശം നൽകിയിരിക്കുന്നത്.

വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്‌കിറ്റിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അതേസമയം, വിദ്യാർത്ഥികൾക്ക് വൻതുക പിഴ നൽകിയതിനെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി.

Tags:    

Similar News