മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ പരാതിയിൽ മുൻ ബിസിനസ് പാട്ണർ അറസ്റ്റിൽ
മുൻ ഇന്ത്യൻ ക്യാപ്റ്റനും ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരവുമായ എം.എസ് ധോണിയുടെ പരാതിയിൽ മുൻ ബിസിനസ് പാർട്ണർ അറസ്റ്റിൽ. ക്രിക്കറ്റ് അക്കാദമികൾ തുടങ്ങാൻ തന്റെ പേര് അനധികൃതമായി ഉപയോഗിച്ചെന്ന ധോണിയുടെ പരാതിയെ തുടർന്ന് മിഹിർ ദിവാകർ എന്നയാളാണ് അറസ്റ്റിലായത്.
റാഞ്ചി ജില്ല കോടതിയിലാണ് ദിവാകറിനും ഭാര്യ സൗമ്യദാസിനുമെതിരെ ധോണി പരാതി നൽകിയിരുന്നത്. ആർക സ്പോർട്സ് മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായിരുന്ന ദിവാകർ ഇന്ത്യയിലും വിദേശത്തും ക്രിക്കറ്റ് അക്കാദമികൾ തുടങ്ങാൻ തന്റെ പേര് അനധികൃതമായി ഉപയോഗിച്ചെന്നായിരുന്നു പരാതി. എം.എസ് ധോണി ക്രിക്കറ്റ്, സ്‌പോർട്‌സ് അക്കാദമികൾക്കായി 15 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായും ആരോപണമുണ്ട്.
കരാറിൽ പറഞ്ഞിരിക്കുന്ന അനുപാതത്തിൽ ഫ്രാഞ്ചൈസി ഫീസ് നൽകാനും ലാഭം പങ്കിടാനുമുള്ള നിബന്ധനകൾ ആർക്ക സ്പോർട്സ് ലംഘിച്ചതോടെ പാർട്ണർമാർക്ക് ധോണി നൽകിയ അധികാരപത്രം 2021 ആഗസ്റ്റ് 15ന് റദ്ദാക്കിയിരുന്നു. ഇത് വകവെക്കാതെ വീണ്ടും അക്കാദമികളും സ്പോർട്സ് കോംപ്ലക്സുകളും ആരംഭിക്കുകയായിരുന്നു.