കർണാടകയിൽ വീടിനുള്ളിൽ അഞ്ചുപേരുടെ അസ്ഥികൂടങ്ങൾ; മരണം നടന്നത് നാല് വർഷം മുമ്പെന്ന് സംശയം

Update: 2023-12-30 07:33 GMT

കർണാടകയിൽ പൂട്ടിയിട്ടിരുന്ന വീടിനുള്ളിൽ നിന്ന് അഞ്ചുപേരുടെ അസ്ഥികൂടം കണ്ടെത്തി. ചിത്രദുർഗ ജില്ലയിലാണ് സംഭവം. മുൻ സർക്കാർ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജഗന്നാഥ് റെഡ്ഡി(85), ഭാര്യ പ്രേമ (80), മകൾ ത്രിവേണി (62), ആൺ മക്കളായ കൃഷ്ണ (60), നരേന്ദ്ര (57) എന്നിവരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരിച്ചത് ഇവർ തന്നെയെന്ന് സ്ഥിരീകരിക്കാൻ സാധിക്കൂ.

2019ലാണ് ഇവരെ അവസാനമായി കണ്ടതെന്ന് നാട്ടുകാർ പറയുന്നു. കുടുംബാംഗങ്ങൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ ഇവർ ആത്മഹത്യ ചെയ്തതാണോ കൊല്ലപ്പെട്ടതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ബന്ധുക്കളോടും നാട്ടുകാരോടും ഇവർ അധികം അടുപ്പം കാണിച്ചിരുന്നില്ല. അതിനാൽ തന്നെ ആരും കുടുംബത്തെ കാണാതായപ്പോൾ തിരക്കിയില്ല. കഴിഞ്ഞയാഴ്ച ഈ വീടിനു മുന്നിലൂടെ പ്രഭാത സവാരിക്ക് പോയവരാണ് വാതിൽ തകർന്ന് കിടക്കുന്നതായി കണ്ടെത്തിയത്. എന്നാൽ ഇക്കാര്യം പൊലീസിനെ അറിയിക്കാൻ നാട്ടുകാർ തയാറായില്ല. ഒടുവിൽ പ്രാദേശിക വാർത്താ ലേഖകനാണ് പൊലീസിൽ വിവരമറിയിച്ചത്. 

പൊലീസെത്തി പരിശോധിച്ചപ്പോഴാണ് വീടിനുള്ളിൽ അഞ്ച് അസ്ഥികൂടങ്ങൾ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വീട്ടിൽ പല തവണ മറ്റാരോ പ്രവേശിച്ചതായും കൊള്ളയടിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. നാല് പേരുടെ അസ്ഥികൂടങ്ങളിൽ ഒരേ മുറിയിലായിരുന്നു. രണ്ട് പേർ കട്ടിലിലും രണ്ട് പേർ നിലത്തും കിടക്കുന്ന നിലയിലായിരുന്നു. ഒരാളുടെ അസ്ഥികൂടം മറ്റൊരു റൂമിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

Tags:    

Similar News