ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം തള്ളി ഷിൻഡെയും ഫഡ്‌നാവിസും

Update: 2024-03-02 05:20 GMT

എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ വിരുന്നിനായുള്ള ക്ഷണം മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും നിരസിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ എത്താനാകില്ലെന്നാണു ഷിൻഡെയും ഫഡ്‌നാവിസും പവാറിന് മറുപടി നൽകിയത്. പിന്നീടൊരിക്കൽ വീട്ടിൽ ഭക്ഷണത്തിനെത്താമെന്നും അറിയിച്ചു. 

ഇവർ ഇരുവരും, ഉപമുഖ്യമന്ത്രിയും എൻസിപി വിമത നേതാവുമായ അജിത് പവാറും ഇന്ന് പവാർ കുടുംബത്തിന്റെ തട്ടകമായ ബാരാമതിയിൽ തൊഴിൽമേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. ശരദ് പവാർ അധ്യക്ഷനായ ട്രസ്റ്റിനു കീഴിലുള്ള കോളജിലാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്നത്. എന്നാൽ പവാറിനെ ക്ഷണിച്ചിട്ടില്ല. അതേസമയം എംപിയും പവാറിന്റെ മകളുമായ സുപ്രിയ സുളെക്കും സമീപമണ്ഡലങ്ങളിലെ മറ്റ് എംപിമാർക്കും ക്ഷണമുണ്ട്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിമാരെയും വീട്ടിലേക്കു ക്ഷണിച്ചതിലൂടെ തനിക്കുണ്ടായ അവഗണന പുറത്തെത്തിക്കാനും വിഷയം ചർച്ചയാക്കാനും ശരദ് പവാറിനായി. മുഖ്യമന്ത്രിയായ ശേഷം ഷിൻഡെ ആദ്യമായി തന്റെ നാട്ടിലെത്തുന്ന സാഹചര്യത്തിലാണു വീട്ടിലേക്ക് ക്ഷണിച്ചതെന്നും മഹാരാഷ്ട്രയുടെ ആതിഥ്യമര്യാദയാണതെന്നും അദ്ദേഹം ക്ഷണക്കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

Tags:    

Similar News