കളളപ്പണം വെളുപ്പിക്കൽ കേസ്; ആം ആദ്മി പാർട്ടി എംഎൽഎയുടെ വീട്ടിൽ ഇഡി റെയ്ഡ്
കളളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി എം എൽ എ അമാനത്തുളള ഖാന്റെ വീട്ടിൽ ഇ ഡി റെയ്ഡ്. പുലർച്ചയോടെ ആരംഭിച്ച റെയ്ഡ് തുടരുകയാണെന്നാണ് റിപ്പോർട്ട്. ഒഖ്‌ല മണ്ഡലം എം എൽ എയാണ് അമാനത്തുളള ഖാൻ.ഡൽഹി വഖഫ് ബോർഡിലേക്കുള്ള റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷൻ ബ്യൂറോയും സിബിഐയും സമർപ്പിച്ച എഫ് ഐ ആറും ഇഡി പരിശോധിച്ചിരുന്നു. അടുത്തിടെ, ഡൽഹിയിലെ മദ്യനയ കേസുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗിന്റെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. എം പിയുമായി അടുത്ത ബന്ധമുളള പലരുടെയും വീടുകളിൽ നേരത്തേയും ഇ ഡി പരിശോധിച്ചിരുന്നു.
മദ്യനയകേസിൽ പ്രതി ചേർക്കപ്പെട്ട വ്യവസായിയായ ദിനേഷ് അറോറ സഞ്ജയ് സിംഗിന്റെ സാന്നിദ്ധ്യത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വസതിയിൽ വച്ച് കണ്ടിരുന്നതായി ഇഡിയുടെ കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഒരു പരിപാടിയിൽ വച്ച് സഞ്ജയ് സിംഗിനെ കണ്ടിരുന്നതായും തുടർന്നാണ് മുൻ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയുമായി അടുപ്പത്തിലായതെന്നും ദിനേഷ് ഇഡിക്ക് മൊഴി നൽകിയിട്ടുണ്ട്.
ഇഡി റിപ്പോർട്ട് അനുസരിച്ച് മനീഷ് സിസോദിയയുടെ അൺപ്ലഗ്ഡ് കോർട്ട്യാർഡ് എന്ന റെസ്റ്റോറന്റിൽ വച്ച് നടന്ന വിരുന്നിനിടയിലാണ് പ്രതിയായ ദിനേഷ് അറോറയും സഞ്ജയ് സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. വരാൻ പോകുന്ന തിരഞ്ഞെടുപ്പിനുളള പണസമാഹാരത്തിനായി എം പിയുടെ നിർദ്ദേശപ്രകാരം ദിനേഷ് പല റെസ്റ്റോറന്റ് ഉടമകളുമായി ബന്ധം സ്ഥാപിക്കുകയും പണം വാങ്ങുകയും ചെയ്തിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.