ഗോമൂത്ര പരാമർശം; പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ച് സെന്തിൽകുമാർ

Update: 2023-12-06 10:42 GMT

വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കെതിരായ 'ഗോമൂത്ര സംസ്ഥാനങ്ങൾ' പരാമർശം പിൻവലിച്ച് ഡി.എം.കെ. എം.പി. ഡി.എൻ.വി. സെന്തിൽകുമാർ. ലോക്സഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തന്റെ പരാമർശം മനഃപൂർവ്വമല്ലെന്ന് പറഞ്ഞ സെന്തിൽകുമാർ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു.

'ഇന്നലെ ഞാൻ നടത്തിയ പരാമർശം മനഃപൂർവ്വമായിരുന്നില്ല. എന്റെ പരാമർശം ഏതെങ്കിലും ലോക്സഭാംഗങ്ങളെയോ ജനവിഭാഗങ്ങളെയോ വേദനിപ്പിച്ചെങ്കിൽ ഞാനത് പിൻവലിക്കുന്നു. എന്റെ വാക്കുകൾ നീക്കം ചെയ്യണെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പരാമർശത്തിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു.' -സെന്തിൽകുമാർ പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ ചൊവ്വാഴ്ച വൈകീട്ട് തന്നെ സെന്തിൽകുമാർ സമൂഹമാധ്യമങ്ങളിലൂടെ മാപ്പ് പറഞ്ഞിരുന്നു. അനുചിതമായ രീതിയിലൊരു വാക്ക് ഉപയോഗിച്ചുവെന്നും അതിൽ തനിക്ക് ദുരുദ്ദേശം ഇല്ലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. തന്റെ പരാമർശം തെറ്റായ അർത്ഥത്തിൽ പ്രചരിക്കാനിടയായതിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു.

സെന്തിൽകുമാറിന്റെ പരാമർശം ശരിയായില്ലെന്ന് ഡി.എം.കെ. എം.പി. ടി.ആർ. ബാലു ലോക്സഭയിൽ പറഞ്ഞു. ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ സെന്തിൽകുമാറിന് താക്കീത് നൽകിയെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളിൽ മാത്രമാണ് ബി.ജെ.പി. വിജയിക്കുന്നതെന്നും അവയെ ഗോമൂത്ര സംസ്ഥാനങ്ങളെന്നാണ് വിളിക്കുന്നത് എന്നുമാണ് ഇന്നലെ സെന്തിൽ കുമാർ പറഞ്ഞത്.

പിന്നാലെ സെന്തിൽ കുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി. രംഗത്തുവന്നു. രാജ്യത്തെ ജനങ്ങൾ ഇത്തരം പരാമർശങ്ങൾ നടത്തുന്നവരോട് പൊറുക്കില്ലെന്ന് ഡി.എം.കെയ്ക്ക് നന്നായി അറിയാമെന്നായിരുന്നു കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പറഞ്ഞത്. ഗോമൂത്രത്തിന്റെ ഗുണങ്ങൾ ഡി.എം.കെയ്ക്ക് ഉടൻ മനസിലാകും. രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്ക് ജനങ്ങളിൽനിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Tags:    

Similar News