'നാരീ ശക്തി എന്ന് പറയുന്ന നിങ്ങൾ അതിവിടെ കാണിക്കൂ';കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

Update: 2024-02-20 05:58 GMT

വനിതകൾക്ക് ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ സ്ഥിരം കമ്മിഷൻ പദവി നൽകാൻ വിസമ്മതിക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് സുപ്രീംകോടതി. നാരീശക്തിയേപ്പറ്റി പറയുന്ന നിങ്ങൾ അതിവിടെ കാണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. വനിതകളോട് നീതി ചെയ്യുംവിധം നയമുണ്ടാക്കാനും സുപ്രീംകോടതി ആവശ്യപ്പെട്ടു.

കോസ്റ്റ് ഗാർഡിലെ ഷോർട്ട് സർവീസ് കമ്മിഷനിലുള്ള യോഗ്യരായ വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകണമെന്നാവശ്യപ്പെട്ട് പ്രിയങ്കാ ത്യാഗി എന്ന ഉദ്യോഗസ്ഥ നൽകിയ ഹർജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കര, വ്യോമ, നാവികസേനകളിലെ വനിതകൾക്ക് സ്ഥിരം കമ്മിഷൻ പദവി നൽകാനുള്ള വിധികൾക്ക് ശേഷവും കേന്ദ്രത്തിന്റെ സമീപനം ഇതാണോയെന്ന് ബെഞ്ച് ചോദിച്ചു. സർക്കാരിന് ഇപ്പോഴും പുരുഷമേധാവിത്വ സമീപനമാണോയെന്ന് ചോദിച്ച കോടതി, ലിംഗസമത്വം ഉറപ്പുനൽകുന്ന നയമുണ്ടാക്കാനും ആവശ്യപ്പെട്ടു.

വനിതാ ഉദ്യോഗസ്ഥർക്ക് സ്ഥിരം കമ്മിഷൻ അനുവദിക്കാൻ വ്യവസ്ഥയുണ്ടോയെന്ന ചോദ്യത്തിന്, പത്ത് ശതമാനമുണ്ടെന്നായിരുന്നു കോസ്റ്റ്ഗാർഡിന്റെ പ്രതികരണം. ഇത് എന്തുകൊണ്ടാണെന്നും സ്ത്രീകൾ മനുഷ്യന്മാരെക്കാൾ താഴെയാണോയെന്നും കോടതി ചോദിച്ചു. നാവികസേനയടക്കം സ്ഥിരം കമ്മിഷൻ അനുവദിക്കുമ്പോൾ കോസ്റ്റ്ഗാർഡ് പിന്നാക്കം പോകുന്നത് ചൂണ്ടിക്കാട്ടിയ കോടതി, ഇക്കാര്യത്തിൽ ജെൻഡർ ന്യൂട്രൽ പോളിസി നടപ്പിലാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 

Tags:    

Similar News