ഡൽഹി എസിപിയുടെ മകനെ സുഹൃത്തുക്കൾ മർദിച്ചുകൊന്ന് കനാലിൽ തള്ളി

Update: 2024-01-27 03:43 GMT

ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ. സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു. അഭിഭാഷകൻ കൂടിയായ ലക്ഷ്യ ചൗഹാനെയാണ് സുഹൃത്തുക്കളായ വികാസ് ഭരദ്വാജും അഭിഷേകും ചേർന്ന് കൊലപ്പെടുത്തിയത്. ലക്ഷ്യയുടെ പിതാവ് യഷ്പാൽ ഡൽഹി പോലീസ് അസിസ്റ്റന്റ് കമ്മിഷണറാണ്.

സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് പിന്നിൽ. ഇരുപത്തിനാലുകാരനായ ലക്ഷ്യ, ഡൽഹിയിലെ ടിസ് ഹസാരി കോടതിയിലെ അഭിഭാഷകനാണ്. അവിടത്തെ ക്ലാർക്കായിരുന്ന വികാസ് ഭരദ്വാജിൽനിന്ന് ലക്ഷ്യ കുറച്ച് പണം കടം വാങ്ങിയിരുന്നു. ഇത് ആവർത്തിച്ച് തിരിച്ചുചോദിച്ചിട്ടും ലക്ഷ്യ നൽകാൻ തയ്യാറായില്ല. ഇതിന്റെ പകയിൽ കഴിയുകയായിരുന്നു വികാസ്.

ജനുവരി 22-ന് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ലക്ഷ്യ ഹരിയാണയിലേക്ക് പുറപ്പെടുകയായിരുന്നു. ഇദ്ദേഹത്തിനൊപ്പം വികാസും അഭിഷേകും കൂട്ടുചേർന്നു. വിവാഹം കഴഞ്ഞ് മടങ്ങുന്നതിനിടെ നേരത്തേ ആസൂത്രണം ചെയ്തതു പ്രകാരം വാഷ് റൂം ആവശ്യത്തിനായി സുഹൃത്തുക്കൾ കാർ ഒരിടത്ത് നിർത്തിച്ചു. അർധരാത്രിയിലായിരുന്നു മടക്കം.

പാനിപ്പത്ത് മുനക് കനാലിനു സമീപത്തായിരുന്നു കാർ നിർത്തിയത്. കാറിൽനിന്ന് ഇറങ്ങിയ ഉടനെ ലക്ഷ്യയെ മറ്റു രണ്ടുപേർ ചേർന്ന് മർദിച്ച് കൊല്ലുകയും തുടർന്ന് കനാലിൽ തള്ളുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിനായി പരിശോധന നടത്തുകയാണ് പോലീസ്. സംഭവത്തിൽ അഭിഷേകിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വികാസിനായി തിരച്ചിൽ തുടരുന്നു. 

Tags:    

Similar News