'മുസ്ലിംപക്ഷി'ക്ക് മാത്രം രാഹുൽ ഭക്ഷണം നൽകുന്നു; ബി.ജെ.പിയുടെ വിദ്വേഷവീഡിയോയ്‌ക്കെതിരെ പരാതിയുമായി കോൺഗ്രസ്

Update: 2024-05-05 11:15 GMT

കർണാടക ബി.ജെ.പിക്കെതിരെ പരാതിയുമായി കോൺഗ്രസ്. കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽവഴി പങ്കുവെച്ച ആനിമേറ്റഡ് വീഡിയോയാണ് പരാതിക്കാധാരം. കർണാടക ബി.ജെ.പി. സോഷ്യൽ മീഡിയ ടീം, ഐ.ടി. സെൽ തലവൻ അമിത് മാളവ്യ, ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർക്കെതിരെയാണ് പരാതി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, രാഹുൽ ഗാന്ധി എന്നിവരുടെ കാരിക്കേച്ചറുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഒരു വീഡിയോ ശനിയാഴ്ച കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവെച്ചിരുന്നു. എസ്.സി, എസ്.ടി, ഒ.ബി.സി. എന്നിങ്ങനെ എഴുതിയ മുട്ടകളുള്ള പക്ഷിക്കൂട്ടിൽ രാഹുൽ, മുസ്ലിം എന്നെഴുതിയ മുട്ടകൂടെ കൊണ്ടുവെക്കുന്നു. ഈ മുട്ടകൾ വിരിയുമ്പോൾ, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുൽ ഗാന്ധി 'ഫണ്ട്സ്' എന്നെഴുതിയ ഭക്ഷണം നൽകുന്നു. ഇത് സിദ്ധരാമയ്യ നോക്കി നിൽക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടിൽനിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം.

സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് കർണാടക കോൺഗ്രസ് മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചെയർമാൻ രമേഷ് ബാബുവാണ് പരാതി നൽകിയത്. എസ്.സി/ എസ്.ടി/ ഒ.ബി.സി. വിഭാഗങ്ങൾക്കുള്ള ഫണ്ട് വെട്ടിച്ചുരുക്കുമെന്ന് തങ്ങളുടെ പ്രകടനപത്രികയിൽ എവിടേയും പറയുന്നില്ലെന്നും എന്നാൽ, ബി.ജെ.പി. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടുലഭിക്കാൻ വ്യാജ പ്രചാരവേലയ്ക്ക് ഉപയോഗിക്കുന്നുവെന്നും പരാതിയിലുണ്ട്. വീഡിയോ മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറയുന്ന പരാതിയിൽ അമിത് മാളവ്യയെ സ്ഥിരം കുറ്റവാളിയാണെന്നും വിശേഷിപ്പിക്കുന്നു.

Tags:    

Similar News