ബിജെപിക്ക് കനത്ത തിരിച്ചടി; മണിപ്പൂരിൽ രണ്ട് സീറ്റിലും കോൺഗ്രസിന് വൻ ലീഡ്

Update: 2024-06-04 09:23 GMT

മണിപ്പുരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ രണ്ട് സീറ്റുകളിലും കോൺഗ്രസ് വ്യക്തമായ ലീഡ് നേടി. വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ഇന്നർ മണിപ്പുരിൽ കോൺഗ്രസ് സ്ഥാനാർഥിയുടെ ലീഡ് എഴുപതിനായിരത്തിന് മുകളിൽ കടന്നിട്ടുണ്ട്. ഔട്ടർ മണിപ്പുരിൽ അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കോൺഗ്രസിന്റെ ആൽഫ്രഡ് കന്നഗം ആർത്തൂറിനുള്ളത്.

2014-ൽ രണ്ട് സീറ്റും കോൺഗ്രസിനായിരുന്നെങ്കിലും 2019-ൽ പാർട്ടിക്ക് രണ്ടും നഷ്ടമായിരുന്നു. എൻഡിഎ സഖ്യത്തിനായിരുന്നു വിജയം. കലാപം തുടങ്ങിയിട്ട് ഒരു വർഷത്തിലേറേയായിട്ടും തകർക്കപ്പെട്ട മണിപ്പുരിജനതയുടെ പരസ്പരവിശ്വാസം വീണ്ടെടുക്കാൻ ഒന്നുംചെയ്യാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ബിരേൻ സിങ്ങും എൻഡിഎ സർക്കാരും കടുത്ത ജനരോഷമാണ് നേരിടുന്നത്.

മെയ്ത്തികൾക്ക് ഭൂരിപക്ഷമുള്ള ഇന്നർ മണിപ്പുരിൽ ബി.ജെ.പി.യും കോൺഗ്രസും തമ്മിലായിരുന്നു മത്സരം. നാഗകളും കുക്കികളും മെയ്ത്തികളും ഉൾപ്പെടുന്ന ഔട്ടർ മണിപ്പുരിൽ എൻ.ഡി.എ.യ്ക്കുവേണ്ടി നാഗാ പീപ്പിൾസ് ഫ്രണ്ടിന്റെ സ്ഥാനാർഥിയും കോൺഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഇന്നർ മണിപ്പുരിലെ 10 ലക്ഷത്തോളം പേരിൽ എട്ടുലക്ഷത്തിലധികം മെയ്ത്തികളാണ്.

കലാപത്തിനുമുമ്പ് ഈ വോട്ടുകൾ കണ്ണുമടച്ചു തനിക്കുകിട്ടുമെന്ന് ബിരേൻ സിങ്ങിനുറപ്പിക്കാമായിരുന്നു. ഇപ്പോൾ ഇവർതന്നെ, തങ്ങളുടെ ജീവിതം ഈവിധമാക്കിയതിന് ബിരേൻ സിങ്ങാണ് ഉത്തരവാദിയെന്നാണ് ആരോപിക്കുന്നത്. കലാപം അടിച്ചമർത്താൻ തയ്യാറാകാതിരുന്ന കേന്ദ്രസർക്കാരിനുനേരേയും ഇവർ വിമർശനമുന്നയിച്ചിരുന്നു.

ഔട്ടർ മണിപ്പുരിൽ 10 ലക്ഷം വോട്ടർമാരിൽ രണ്ടുലക്ഷം മെയ്ത്തികളാണ്. നാഗാ വിഭാഗത്തിൽനിന്നാണ് രണ്ടുകൂട്ടരുടെയും സ്ഥാനാർഥി. നാലുലക്ഷത്തിനു മുകളിലുള്ള നാഗാവോട്ടുകൾ ഇരുവർക്കുമായി വിഭജിക്കപ്പെടും. പിന്നീടുള്ള കുക്കിവോട്ടുകളായിരുന്നു വിജയത്തിൽ നിർണായകം.

Tags:    

Similar News