16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററിൽ പ്രവേശിപ്പിക്കരുത്; മാർഗനിർദേശവുമായി കേന്ദ്രം

Update: 2024-01-19 05:18 GMT

കോച്ചിങ് സെന്ററുകളിൽ 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം. ഉയർന്ന മാർക്ക് ഉറപ്പാണെന്നതുൾപ്പടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിങ് സെന്ററുകൾ നൽകരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്

വിദ്യാർഥി ആത്മഹത്യകൾ, അധ്യാപന രീതികൾ, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിങ്ങ് സെന്ററുകളുടെ അനിയന്ത്രിതമായ വർദ്ധന നിയന്ത്രിക്കുന്നതിനായി പുതിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്.

പുതിയ മാർഗനിർദേശമനുസരിച്ച് ബിരുദത്തിൽ താഴെ യോഗ്യതയുള്ളവർ കോച്ചിങ് സെന്ററുകളിൽ അധ്യാപകരാവാൻ പാടില്ല. 16 വയസ്സിൽ താഴെയുള്ള വിദ്യാർഥികളെ കോച്ചിങ് സെന്ററിൽ പ്രവേശിപ്പിക്കാൻ പാടില്ല. കൂടാതെ ഹയർ സെക്കണ്ടറി പരീക്ഷ പൂർത്തിയായ വിദ്യാർഥികൾക്കെ സ്ഥാപനത്തിൽ പ്രവേശനം നൽകാൻ പാടുള്ളൂ. കോച്ചിങ് സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു കൗൺസിലർ ഉണ്ടായിരിക്കണം. അധ്യാപകരുടെ യോഗ്യത, കോഴ്സുകൾ, ഹോസ്റ്റൽ സൗകര്യം, ഫീസ് എന്നിവ പ്രതിപാദിച്ചുകൊണ്ടുള്ള വെബ്സൈറ്റ് സ്ഥാപനത്തിനുണ്ടായിരിക്കണം. മികച്ച റാങ്ക്, ഉയർന്ന മാർക്ക് എന്നിവ ഉറപ്പാണ് എന്നിങ്ങനെയുള്ള പാലിക്കാനാവാത്ത വാഗ്ദാനങ്ങൾ നൽകി വിദ്യാർഥികളെ പ്രലോഭിപ്പിക്കാൻ പാടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Tags:    

Similar News