ചന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി

Update: 2023-08-01 01:48 GMT

ചന്ദ്രയാൻ മൂന്ന് ഭൂമിയുടെ ഭ്രമണ പഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങി. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രൊ അറിയിച്ചു. അർദ്ധരാത്രി 12:15 ഓടെയാണ് പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് തിരിച്ചു വിട്ടത്. ചാന്ദ്ര ഭ്രമണപഥത്തിലേക്കുള്ള പ്രവേശനം ആണ് അടുത്ത നിർണ്ണായക ഘട്ടം. ഓഗസ്റ്റ് 5നായിരിക്കും ഇത്. 

നാല് ലക്ഷം കിലോമീറ്ററിന് അടുത്ത് ദൂരമാണ് പേടകം ചന്ദ്ര ഭ്രമണപഥത്തിൽ എത്താൻ സഞ്ചരിക്കേണ്ടത്. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചുകൊണ്ടുവരും. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിലുള്ള വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടും. ആ?ഗസ്റ്റ് 17നായിരിക്കും ഇത് നടക്കുക. പിന്നെ മുന്നിലുള്ളത് സോഫ്റ്റ് ലാൻഡിങ്ങ്. ആഗസ്റ്റ് 23ന് വൈകിട്ട് 5.47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ചന്ദ്രയാൻ ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും. 14 ദിവസം നീളുന്ന ചന്ദ്രനിലെ പകൽ നേരമാണ് ലാൻഡറിന്റെയും  റോവറിന്റെയും ദൗത്യ കാലാവധി. 

Tags:    

Similar News