കുറഞ്ഞ നിരക്കിലുള്ള ആട്ട പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. 'ഭാരത് ആട്ട' എന്ന ബ്രാന്‍ഡ് നാമത്തിലുള്ള ആട്ടയുടെ വില്‍പ്പന ഉദ്ഘാടനം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ സഞ്ചരിക്കുന്ന നൂറ് ആട്ട വില്‍പ്പനശാലകള്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. സബ്‌സിഡി ഗോതമ്പ് ഉപയോഗിച്ചാണ് 'ഭാരത് ആട്ട' വിതരണം ചെയ്യുന്നത്. ഗോതമ്പിന്റെ ഉയര്‍ന്ന വിലയില്‍ നിന്ന് ദീപാവലി സീസണില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് 'ഭാരത് ആട്ട' പുറത്തിറക്കിയത്.
27. 50 രൂപ എന്ന സബ്‌സിഡി നിരക്കിലാണ് പൊതുജനങ്ങള്‍ക്ക് ആട്ട ലഭിക്കുക. വിപണിയില്‍ 70 രൂപ വരെയാണ് ആട്ടയുടെ വിലയെന്നതിനാല്‍ ഇത് ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഫെഡ്, എന്‍.സി.സി.എഫ്., കേന്ദ്രീയ ഭണ്ഡാര്‍ എന്നിവയുടെ 800 സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ വഴിയും രാജ്യമെമ്പാടുമുള്ള 2,000 ചില്ലറ വില്‍പ്പനശാലകള്‍ വഴിയുമാണ് ഭാരത് ആട്ടയുടെ വില്‍പ്പന.
ഭാരത് ആട്ടയ്ക്കായി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ.) നിന്ന് രണ്ടര ലക്ഷം ടണ്‍ ഗോതമ്പ് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. നാഫേഡിനും ഓരോ ലക്ഷം ടണ്‍ വീതവും കേന്ദ്രീയ ഭണ്ഡാറിന് 50,000 ടണ്ണുമാണ് നല്‍കുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരത് ആട്ടയ്ക്ക് പുറമെ ഭാരത് ദാലും (പരിപ്പ്) സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. കിലോഗ്രാമിന് 60 രൂപയാണ് വില. കൂടാതെ കിലോഗ്രാമിന് 25 രൂപ നിരക്കില്‍ ഉള്ളിയും മൂന്ന് ഏജന്‍സികള്‍ വഴി വില്‍പ്പന നടത്തും.