ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ; സമവായത്തിന് കേന്ദ്രം
പാർലമെൻറിലെ സ്പീക്കർ തിരഞ്ഞെടുപ്പിൽ സമവായത്തിന് കേന്ദ്ര സർക്കാർ നീക്കം. പ്രതിപക്ഷ കക്ഷികളുമായി ഭരണകക്ഷി അംഗങ്ങൾ ചർച്ച നടത്തിയേക്കും. സ്പീക്കർ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്ര സർക്കാർ കോൺഗ്രസ് ഇതര പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടുന്നതായി സൂചനയുണ്ട്. ഡപ്യൂട്ടി സ്പീക്കർ പദവി ഡിഎംകെയ്ക്ക് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
കോൺഗ്രസിനു പദവി നൽകാതെ ഡിഎംകെയ്ക്ക് നൽകുക വഴി പ്രതിപക്ഷ നീക്കങ്ങൾക്ക് വിള്ളലുണ്ടാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കക്ഷി നിലയിൽ പ്രതിപക്ഷ നിരയിൽ 101 അംഗങ്ങളുമായി കോൺഗ്രസാണ് ഒന്നാമത്. പ്രതിപക്ഷ കക്ഷികളിൽ എസ്പിക്കും തൃണമൂൽ കോൺഗ്രസിനും പിന്നിലാണ് ഡിഎംകെയുടെ കക്ഷിനില. ഡിഎംകെയ്ക്ക് 22 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്.