ബിസിനസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ഒരാൾ പിടിയിൽ, പെൺ സുഹൃത്ത് അടക്കം 4 പേർക്കായി തെരച്ചിൽ ഊർജിതം
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ബിസിനസുകാരനായ അങ്കിത് ചൗഹാനെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്തടക്കം അഞ്ചുപേരാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. കേസിൽ പ്രതിചേര്‍ക്കപ്പെട്ട പാമ്പാട്ടിയെ അറസ്റ്റുചെയ്തുവെന്നും മറ്റു നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അങ്കിത് ചൗഹാന്റെ പെണ്‍സുഹൃത്ത് മഹി ആര്യ പാമ്പാട്ടിയുടെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നെന്നാണ് പോലീസ് റിപ്പോർട്ട്. പ്രതികളായ മഹി ആര്യ, സുഹൃത്ത് ദീപ് കന്ദപാല്‍, മറ്റു രണ്ട് വീട്ടു സഹായികള്‍ എന്നിവർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. 30 കാരനായ അങ്കിത് ചൗഹാനെ കാറിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആ സമയം കാറിന്റെ എന്‍ജിന്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തീന്‍പാനി എന്ന സ്ഥലത്ത് റോഡരികിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടന്നത് ജൂലായ് 15 നായിരുന്നു. മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് മരണകാരണം പാമ്പിന്റെ വിഷമേറ്റതാണെന്ന് മനസിലായത്.
അങ്കിത് ചൗഹാന്റെ ഫോണ്‍ വിശദാംശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഇയാളുടെ പെൺസുഹൃത്തായ മഹി ആര്യയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള പാമ്പാട്ടി രമേശ് നാഥിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മൂര്‍ഖന്റെ കടിയേറ്റാണ് അങ്കിത് ചൗഹാന്‍ കൊല്ലപ്പെട്ടതെന്ന് വ്യക്തമായിരുന്നു. ജൂലായ് 14 ന് മഹി ആര്യയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് അങ്കിതിനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു.
മൂര്‍ഖന്‍ പാമ്പ് രണ്ടുതവണ അങ്കിതിന്റെ കാലില്‍ കടിച്ചുവെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അങ്കിത് ചൗഹാന്റെ സഹോദരി ഇഷ നൽകിയ പരാതിയില്‍ പോലീസ് നാലുസംഘമായാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തെ തുടർന്ന് കൊലക്കുറ്റമടക്കം ചുമത്തിയാണ് നാലുപേര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.