'പാർട്ടിയിൽ അവഗണിക്കപ്പെട്ടു': പ്രകാശ് കാരാട്ടിൻറ ഭാര്യയെന്ന നിലയിൽ മാറ്റിനിർത്തിയെന്ന് ബൃന്ദ

Update: 2024-01-13 03:56 GMT

പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ പാർട്ടിയിൽ മാറ്റിനിർത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നും സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. 1975 മുതൽ 1985 വരെയുള്ള അനുഭവങ്ങളുടെ ഓർമ്മക്കുറിപ്പുകൾ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമർശങ്ങൾ. ആൻ എജുക്കേഷൻ ഫോർ റിത എന്നാണ് പുസ്തകത്തിന്റെ പേര്.

നേരത്തെ കൊൽക്കത്ത പാർട്ടി കോൺഗ്രസിൽ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാർട്ടി കമ്മിറ്റികളിൽ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയിൽ പാർട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാൽ ബൃന്ദയുടെ ആവശ്യം പിന്നീട് പാർട്ടിയിൽ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.

മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. ആണവകരാറിനെതിരെ കോൺഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്‌നി ഓർ വോ (ഭർത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങൾ തലക്കെട്ട് നൽകിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമർശം. അന്ന് പാർട്ടി പിബിയിൽ ഇവർക്ക് പിന്തുണ നൽകിയത് കേരളത്തിൽ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രൻ പിള്ളയായിരുന്നു. ഈ നിലയിൽ പാർട്ടി നേതാക്കളുടെ ഇടയിൽ നിന്നും നീക്കമുണ്ടായെന്ന് പുസ്തകത്തിൽ ബൃന്ദ സൂചിപ്പിക്കുന്നുണ്ട്.

ഡൽഹിയിൽ പ്രവർത്തനം തുടങ്ങിയ ഘട്ടത്തിൽ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാൽ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയിൽ അവഗണിച്ചുവെന്നുമാണ് ഓർമ്മക്കുറിപ്പിലെ പരാമർശങ്ങൾ.

Tags:    

Similar News